തൊടുപുഴ: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ രൂപവത്കരിച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ സംഘത്തിലെ അംഗങ്ങളെ സ്ഥലംമാറ്റിയ നടപടി മരവിപ്പിച്ചു. നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനാണ് മരവിപ്പിച്ചത്. മുന്‍ കളക്ടര്‍ ശ്രീറാമിന്റെ സംഘത്തിലെ നാല് പേരെയാണ് സ്ഥലം മാറ്റിയിരുന്നത്. ഇത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയ നടപടി മന്ത്രി ഇടപെട്ട് മരവിപ്പിച്ചത്.
ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിനെ തൊടുപുഴയിലേക്ക് ഒരാഴ്ചക്ക് മുമ്പുതന്നെ സ്ഥലംമാറ്റിയിരുന്നു. മൂന്നാര്‍ ലാന്‍ഡ് ട്രിബ്യൂണലില്‍ കയ്യേറ്റക്കേസുകള്‍ കൈകാര്യം ചെയ്യുകയും ഹാജരാകുകയും ചെയ്തിരുന്ന സര്‍വേയര്‍ എ.ആര്. ഷിജു നെടുങ്കണ്ടത്തെ പഴയ തസ്തികയിലേക്ക് തിരികെപ്പോയി. ടീമിലെ മറ്റ് പ്രധാനികളായ ഹെഡ് ക്ലാര്‍ക്ക് ജി. ബാലചന്ദ്രന് പിള്ള, പി.കെ. സിജു, പി.കെ. സോമന് എന്നിവരും പഴയസ്ഥാനങ്ങളിലേക്ക് തിരികെപ്പോയി. ബാലചന്ദ്രന് പിള്ളയെ കാഞ്ചിയാര്‍ വില്ലേജോഫീസറായും പി.കെ. സിജുവിനെ ദേവികുളം താലൂക്ക് ഓഫീസിലേക്കും പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫീസിലേക്കുമാണ് മാറ്റിയത്.
ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറായി തിരുവനന്തപുരത്തേക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് ടീമിലെ അംഗങ്ങള്‍ തങ്ങളെ പഴയ ഓഫീസുകളിലേക്ക് തിരികെ അയക്കണമെന്ന് അപേക്ഷിച്ചത്. നിലവില്‍ ദേവികുളം ആര്.ഡി.ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടിന്റെ ചാര്‍ജുള്ള ഒരാളും മൂന്ന് ക്ലാര്‍ക്കും രണ്ട് പ്യൂണുമാണ് അവശേഷിക്കുന്നത്.
Discussion about this post