ആലപ്പുഴ: ഫേസ്ബുക്കിലൂടെ ഇരുപതുകാരിയെ പ്രണയിച്ച് വശത്താക്കിയ തട്ടിപ്പു വീരനായ അമ്പത്തിയഞ്ചുകാരന് അറസ്റ്റില്‍. കാമുകനെ നേരില്‍ കണ്ട യുവതിയുടെ ബോധം പോയി.യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഗള്‍ഫില്‍ പെയിന്ററായ ആലപ്പുഴ സ്വദേശിയായ കരുമാടി കാര്‍ത്തികയില്‍ സത്യശീലന്പിള്ളയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബഹറിനില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം ഇടുക്കി കരുണാപുരം സ്വദേശിനിയായ ഇരുപതുകാരിയെ കാണാനാണ് നാട്ടിലെത്തിയത്.ഗള്‍ഫില്‍ സോഫ്ട് വെയര്‍ എഞ്ചിനീയറാണെന്നും മുപ്പത് വയസുള്ളെന്നുമായിരുന്നു പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. എന്നാല്‍ കാമുകനെ നേരില്‍ കണ്ടതോടെ പെണ്‍കുട്ടിയുടെ ബോധം പോയി. തുടര്‍ന്ന് ഇയാള്‍ അവിടെ നിന്ന് രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പോലിസില്‍ പരാതി നല്കി. പോലിസ് ഇടപെട്ട് പെണ്‍കുട്ടിയെ കൊണ്ട് തന്നെ സംസാരിപ്പിച്ച് ഇയാളെ തന്ത്രത്തില്‍ സ്ഥലത്തെത്തിക്കുകയായിരുന്നു.
വിവിധ പേരുകളില്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി ജോലിയും പ്രായവും ഫോട്ടോകളും മാറി മാറി ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. അനൂപ് നായര്‍, അര്ജ്ജുന് നായര്‍, ഷെഫീഖ് മുഹമ്മദ്, സജിത് സക്കറിയ, എന്നി പേരുകളില്‍ ഫേസ് ബുക്കില്‍ ഇയാള്‍ പ്രൊഫൈല്‍ ഉണ്ടാക്കിയിരുന്നുവെന്നും പോലിസ് പറഞ്ഞു.
പരിചയപ്പെടുന്ന പെണ്‍കുട്ടികളെ പ്രണയിച്ച് വശത്താക്കാന്‍ മിടുക്കനാണ്.മധുരമായി സംസാരിച്ച് പെണ്‍കുട്ടികളെ വലയില്‍ വീഴത്തുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നു പതിവ്.വഴങ്ങാത്തവരെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും.പെണ്‍കുട്ടികളുടെ ജാതിയും മതവും നോക്കിയാണ് ഇയാള്‍ ഫേസ്ബുക്കില്‍ പ്രൊഫൈലുണ്ടാക്കുന്നത്.ഇയാളുടെ പക്കല്‍ നിന്ന് പോലീസ് ലാപ്ടോപും ,മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാള്‍.
Discussion about this post