കൊച്ചി: നടുറോഡില്‍ മാലിന്യം തള്ളിയ മെമ്പര്‍ സുധാകരനെതിരെ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി എം ബി രാജേഷ്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് സിപിഎം അംഗം പി എസ് സുധാകരനിൽ നിന്ന് 1000 രൂപ പിഴ ഈടാക്കിയതായി മന്ത്രി അറിയിച്ചു. മാലിന്യം തള്ളിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെന്ന് ഫേസ്ബുക്ക് കുറിപ്പിൽ എം ബി രാജേഷ് അഭിപ്രായപ്പെട്ടു. മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനാൽ തന്നെയാണ് മാതൃകാപരമായ നടപടി സ്വീകരിച്ചത്. മാലിന്യം വലിച്ചെറിയുന്നവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള ഈ പ്രവർത്തനങ്ങളിൽ നമുക്ക് യോജിച്ചു മുന്നേറാമെന്ന വാചകത്തോടെയാണ് മന്ത്രിയുടെ കുറിപ്പ് അവസാനിക്കുന്നത്.
നേരത്തേ, പൊതുവഴിയിൽ മാലിന്യമെറിഞ്ഞ് സിപിഎം പഞ്ചായത്തംഗം പിപി സുധാകരൻ മുങ്ങിയ സംഭവത്തിൽ കടുത്ത വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ബ്രഹ്‌മപുരം കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സർക്കാരിനെതിരായ ഹൈക്കോടതിയുടെ വിമർശനം. റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ മെമ്പർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് കോടതി ചോദിച്ചു. അടുത്ത സിറ്റിങ്ങിൽ ഇക്കാര്യം പരിശോധിച്ച് അറിയിക്കണമെന്നും സർക്കാർ അഭിഭാഷകനോട് കോടതി നിർദേശിച്ചിരുന്നു.
റോഡരികിലേക്ക് സുധാകരൻ സ്കൂട്ടറിലിരുന്ന് മാലിന്യം ഫുട്ബോൾ സ്റ്റൈലിൽ വലിച്ചെറിയുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ, താൻ മാലിന്യം വലിച്ചെറിഞ്ഞില്ല എന്ന വിചിത്ര വാദവുമായി ഇയാൾ രംഗത്ത് വന്നിരുന്നു. എന്നാൽ, ദൃശ്യങ്ങൾ സഹിതം തെളിവുകൾ പുറത്ത് വന്നതോടെ ഇയാൾ പിഴയൊടുക്കി തടിതപ്പുകയായിരുന്നു.
Discussion about this post