കര്‍ണാടകത്തില്‍ സിദ്ധരാമയ്യ സര്‍ക്കാരിന് പ്രതിരോധത്തിലാക്കി ദളിത് സംഘടനകളുടെ പ്രക്ഷോഭം ശക്തമായി. കര്‍ണാടകയിലെ വിജയപുരയില്‍ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം. സംസ്ഥാനത്തെ ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് കര്‍ണാടകയുടെ വടക്കന്മേഖലയില് പ്രക്ഷോഭം ശക്തമാകുന്നത്.നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. ഹുബ്ബള്ളിയില്‍ ദേശ്പാണ്ഡെ നഗറില്‍ സ്വകാര്യ ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. ഇതേത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെച്ചു. ബിദറിലും സമരത്തിനിടെ അക്രമം നടത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ഡിസംബര്‍ അവസാനമാണ് ദാനമ്മയെന്ന ദളിത് പെണ്‍കുട്ടിയെ വിജയപുരയില്‍ വച്ച് ഒരു സംഘമാളുകള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിക്കെതിരായ അതിക്രമം നടന്ന വിജയപുരയില്‍ ‘വിജയപുര ചലോ’ റാലിക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ചില ദളിത് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹുബ്ബള്ളി- ദാര്‍വാഡ്, ബിദര്‍ മേഖലകളില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു.
Discussion about this post