ലഖ്‌നൗ : വർഷത്തിലെ തന്നെ ഏറ്റവും ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്ന അക്ഷയ തൃതീയ ദിനമായ വെള്ളിയാഴ്ച അയോധ്യയിലെ രാമക്ഷേത്രം പഴങ്ങൾ കൊണ്ടാണ് അലങ്കരിക്കപ്പെട്ടത്. മാമ്പഴം, ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ, പൈനാപ്പിൾ, മുന്തിരി, മാതളം എന്നിങ്ങനെയുള്ള വിവിധ പഴവർഗ്ഗങ്ങൾ കൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു വെള്ളിയാഴ്ച ക്ഷേത്ര കവാടം കാണപ്പെട്ടത്. നിരവധി ഭക്തരാണ് അക്ഷയ തൃതീയ ദിനത്തിൽ രാംലല്ലയെ കാണാനായി എത്തിയിരുന്നത്.
മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള പ്രത്യേക ഇനം മാമ്പഴമായ ഹാപ്പസ് മാമ്പഴങ്ങൾ മാത്രം പതിനൊന്നായിരം എണ്ണമാണ് രാംലല്ലയ്ക്കായി സമർപ്പിക്കപ്പെട്ടിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശ്രീരാമ ഭക്തർ നിരവധി കാണിക്കകൾ അക്ഷയതൃതീയ ദിനത്തിൽ രാംലല്ലയ്ക്കായി സമർപ്പിച്ചിരുന്നു. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തിയതിനുശേഷമുള്ള ആദ്യ അക്ഷയ തൃതീയ ആഘോഷമാണ് ഇന്ന് നടന്നത്.
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു രാമഭക്തനാണ് അക്ഷയതൃതീയ ദിനത്തിൽ രാമക്ഷേത്രത്തിൽ പ്രത്യേക പ്രസാദത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നത്. രാമക്ഷേത്ര ട്രസ്റ്റിൻ്റെ പ്രത്യേക അനുമതിയോടെ ഒരു ട്രക്ക് നിറയെ പഴങ്ങൾ രാമക്ഷേത്രത്തിലെത്തിച്ചാണ് രാംലല്ലയ്ക്ക് സമർപ്പിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് രാംലല്ലയുടെ ആരതി പൂജയ്ക്ക് ശേഷം ആദ്യമായി ഈ മാമ്പഴ നിവേദ്യം ആണ് നടത്തിയതെന്ന് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് വ്യക്തമാക്കി. വലിയ ഭക്തജന തിരക്കായിരുന്നു അക്ഷയതൃതീയ ദിനത്തിൽ രാമ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.
Discussion about this post