ന്യൂഡൽഹി: അങ്ങനെ ഒടുവിൽ അരവിന്ദ് കേജ്രിവാളിന് രാജ്യത്തെ പരമോന്നത കോടതി ഇന്ന് ജാമ്യം നൽകി. അത് അരവിന്ദ് കെജ്രിവാൾ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് സുപ്രീം കോടതിക്ക് തോന്നിയത് കൊണ്ടല്ല, മറിച്ച് അദ്ധേഹം പ്രതിപക്ഷ പാർട്ടിയിൽ ആയിപ്പോയി എന്ന ഒറ്റ കാരണം കൊണ്ടാണ്. ഇന്ത്യയുടെ അടിസ്ഥാന സ്വഭാവം ജനാധിപത്യം ആണെന്നും, അതിനാൽ എതിർ പാർട്ടിയിലെ പ്രധാന നേതാവിന്റെ വാദം കേൾക്കാൻ ജനങ്ങൾക്ക് അവസരം ഉണ്ടാകണം എന്നു ന്യായത്തിന്റെ മേൽ ആണ് സുപ്രീം കോടതി ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഈ സാഹചര്യത്തിലാണ് ഏതാനും ആഴ്ചകൾക്ക് മുമ്പ് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, ഇൻഡി സഖ്യത്തെ കുറിച്ച് പറഞ്ഞ ഒരു പരാമർശം ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇൻഡി സഖ്യത്തിലെ എല്ലാ നേതാക്കളും ഒന്നുകിൽ ജയിലിൽ ആണ് അല്ലെങ്കിൽ ബെയിലിൽ, അഥവാ ജാമ്യത്തിലാണ് എന്നാണ് ജെ പി നദ്ദ പറഞ്ഞത്. ഇന്ന് അവരുടെ കൂട്ടത്തിലേക്ക് ജാമ്യവുമായി അരവിന്ദ് കെജ്രിവാൾ കൂടെ നടന്നു കയറുമ്പോൾ, ചരിത്രത്തിൽ ഇന്നേ വരെ ഇല്ലാത്ത വിധത്തിൽ കൊള്ളക്കാരുടെ സങ്കേതമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ പ്രതിപക്ഷ പാർട്ടികൾ.
മോന്തായം വളഞ്ഞാൽ അറുപത്തിനാലും എന്ന് പറയുന്നത് പോലെ, ഈ ലിസ്റ്റ് സോണിയാ ഗാന്ധിയിലും രാഹുൽ ഗാന്ധിയിലും ആണ് തുടങ്ങുന്നത് തന്നെ. നാഷണൽ ഹെറാൾഡ് കേസിൽ നിലവിൽ ജാമ്യത്തിലാണ് സോണിയാ ഗാന്ധിയും മകൻ രാഹുലും. ഇനി അതല്ലെങ്കിൽ, ബി ജെ പി അധികാരത്തിൽ തുടർന്നാൽ അധികം വൈകാതെ തന്നെ ജയിലിൽ ആകുന്നവരുടെ ഒരു കൂട്ടം മാത്രമാണ് ഇപ്പോഴത്തെ പ്രതിപക്ഷ പാർട്ടികൾ എന്ന് പറഞ്ഞാൽ ഒരിക്കലും അതൊരു തെറ്റാവുകയില്ല.
അഴിമതി തങ്ങളുടെ എന്തോ ജനാധിപത്യ അവകാശം എന്ന നിലയിൽ ദശകങ്ങളായി നിർബാധം രാജ്യം കട്ട് മുടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇടിത്തീ പോലെ നരേന്ദ്ര മോദിയുടെ കീഴിൽ ബി ജെ പി ഇന്ത്യയിൽ അധികാരത്തിൽ വരുന്നത്. ഇതോടു കൂടി ആകെ അറിയാവുന്ന ഒരു തൊഴിൽ ചെയ്ത് ജീവിക്കാൻ പറ്റാത്തതിന്റെ കരച്ചിലാണ് രാജ്യത്ത് ജനാധിപത്യം നശിക്കുന്നെ എന്നും പറഞ്ഞുള്ള പ്രതിപക്ഷ പാർട്ടികളുടെ കരച്ചിൽ.
രാജ്യത്തെ ചില പ്രധാന പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും അവരുടെ പേരിലുള്ള അഴിമതി കേസുകളും
രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി – നാഷണൽ ഹെറാൾഡ് കേസ്
നാഷണൽ ഹെറാൾഡ് എന്ന പത്രത്തിന്റെ പേരിലുള്ള വസ്തു വകകൾ തട്ടിയെടുക്കുന്നതിനായി സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും മറ്റ് കോൺഗ്രസ് നേതാക്കളുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ എന്ന കമ്പനിക്ക് കോൺഗ്രസ് ഫണ്ടിൽ നിന്നും 90 കോടി രൂപ അനുവദിച്ചു. 2012 ൽ സുബ്രമണ്യം സ്വാമിയാണ് ഈ കേസ് പുറത്ത് കൊണ്ട് വന്നത്.
പ്രതികൾ ഹർജിയെ എതിർക്കുകയും അത് തള്ളിക്കളയാൻ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും എല്ലാ പ്രതികൾക്കെതിരെയും പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് കണ്ടെത്തിയെന്ന് കോടതി ഒടുവിൽ നിരീക്ഷിച്ചു
അരവിന്ദ് കെജ്രിവാൾ, ഡൽഹി മദ്യനയ അഴിമതി
ഡൽഹിയിലെ മദ്യശാലകളുടെ നിയന്ത്രണം പൂർണ്ണമായും സർക്കാരിൽ നിന്നും ഒഴിവാക്കി സ്വകാര്യ വ്യക്തികളിലേക്ക് കൈമാറാൻ കൊണ്ടുവന്ന ഈ നയം, വലിയ തോതിലുള്ള അഴിമതികൾക്കും, അന്യായമായ ആനുകൂല്യങ്ങൾക്കും കുപ്രസിദ്ധമായതോടെ ഒടുവിൽ ഡൽഹി സർക്കാർ തന്നെ മറ്റ് വഴിയില്ലാതെ പിൻവലിക്കുകയായിരുന്നു. ഇതിന്റെ പ്രധാന സൂത്രധാരൻ ആയ മനീഷ് സിസോദിയ ഇപ്പോഴും ജാമ്യമില്ലാതെ ജയിലിലാണ്. പ്രതിപക്ഷ പാർട്ടികളുടെ സ്വരം എന്ന ഒരേയൊരു ആനുകൂല്യം പിൻപറ്റിയാണ് അരവിന്ദ് കേജ്രിവാളിന് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ഡൽഹി മദ്യനയ കേസിൽ ബി ജെ പി യെ പ്രതിപക്ഷം പഴിക്കുന്നുണ്ടെങ്കിലും അന്നത്തെ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരിയാണ് പരാതി നൽകിയത് എന്നതാണ് രസകരമായ വസ്തുത.
ലാലു പ്രസാദ് യാദവ്, ബാബ്‌റി ദേവി, തേജസ്വി യാദവ് – ഭൂമിക്ക് പകരം ജോലി കുംഭകോണം
ബീഹാറിലെ നേതാക്കളും പ്രതിപക്ഷ നിരയിലെ പ്രമുഖരുമായ ലാലു പ്രസാദ് യാദവിന്റെ പേരിൽ എത്ര കേസുകൾ ഉണ്ട് എന്ന് അദ്ദേഹത്തിനും ഒരു പക്ഷെ കോടതിക്കും തന്നെ വലിയ ധാരണ ഉണ്ടാകില്ല. കാലിത്തീറ്റ കുംഭകോണ കേസിൽ അകത്ത് പോയ ലാലു സ്വന്ത ഭാര്യയെ വച്ച് ജയിലിൽ ഇരുന്ന് കൊണ്ട് നിഴൽ ഭരണം നടത്തിയ ആളായിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിലായി, ഭൂമിക്ക് പകരം ജോലി കുംഭകോണ കേസിലാണ് അദ്ധേഹം ജാമ്യത്തിലുള്ളത്. റയിൽവേയിൽ ജോലി ലഭിക്കുവാൻ വേണ്ടി സമീപ പ്രദേശത്തുള്ള യുവാക്കളിൽ നിന്നോ അവരുടെ ബന്ധുക്കളിൽ നിന്നോ ചെറിയ തുകയ്ക്ക് ഭൂമി മേടിച്ചതാണ് കേസ്
ഇഡി അന്വേഷണം നേരിടുന്ന മറ്റ് മുതിർന്ന പ്രതിപക്ഷ രാഷ്ട്രീയക്കാരിൽ കർണാടകയിൽ നിന്നുള്ള ഡി കെ ശിവകുമാർ . പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ; എന്നിവർ ഉണ്ടായിരിന്നു.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ , തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിത, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ ഇ ഡി യുടെ റഡാറിലാണ്.
അതായത് ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളക്കാരുടെ സംഘം എന്ന് പറയാൻ പറ്റുന്ന ആൾക്കാരാണ് ഇപ്പോൾ ഇൻഡി സഖ്യത്തിലുള്ളത് എന്ന് വ്യക്തമായും പറയാം. എന്നാൽ ഇങ്ങനെ അല്ലാത്ത അനവധി പ്രതിപക്ഷ നേതാക്കളും ഉണ്ട്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ശരദ് പവാർ, ഉദ്ധവ് താക്കറെ എന്നിവർക്കെതിരെ ഒന്നും ഇ ഡി കേസുകൾ ഇല്ല.
പ്രതിപക്ഷ നേതാക്കൾക്കെതിരെ ബി ജെ പി, ഇ ഡി യെ ഉപയോഗിക്കുകയാണെന്ന് പറയുമ്പോഴും കുറ്റം ചെയ്ത പ്രതിപക്ഷ നേതാക്കൾ മാത്രമേ അകത്ത് പോകുന്നുള്ളൂ എന്ന വസ്തുത അവർ സൗകര്യപൂർവ്വം മറക്കുകയാണ്. പ്രതിപക്ഷ നേതാക്കൾ ആയത് കൊണ്ട് തങ്ങൾക്കെതിരെ എടുക്കുന്ന ഏത് കേസും രാഷ്ട്രീയ പക പോക്കലാണെന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നീട് ഒന്നിനെയും പേടിക്കണ്ട എന്ന ഇരവാദമാണ് ഇൻഡി സഖ്യകക്ഷികൾ ഇപ്പോൾ സ്വീകരിക്കുന്നത്. ഇ ഡി യുടെ കടുത്ത എതിർപ്പുണ്ടായിട്ടും ദൗർഭാഗ്യവശാൽ സുപ്രീം കോടതി ഇന്ന് എടുത്ത നിലപാടും ഏതാണ്ട് സമാനമാണ് എന്ന് പറയാതിരിക്കാൻ ആകില്ല
Discussion about this post