ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും നിലവിലെ പരിശീലകനും മുൻ ഇന്ത്യൻ നായകനുമായ രാഹുൽ ദ്രാവിഡ് പടിയിറങ്ങിയേക്കുമെന്ന് വ്യക്തമാക്കി ബി സി സി ഐ പ്രസിഡന്റ് ജയ് ഷാ. പുതിയ മുഖ്യ പരിശീലകനുള്ള പരസ്യം ഉടൻ തന്നെ കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 നവംബർ മുതൽ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കരാർ , 2023 ഏകദിന ലോകകപ്പോടെ തീർന്നിരിന്നുവെങ്കിലും ബി സി സി ഐ അദ്ദേഹത്തിന് കരാർ നീട്ടി നൽകുകയായിരുന്നു. പരിശീലകനെന്ന നിലയിൽ ബിസിസിഐയുമായുള്ള ദ്രാവിഡിൻ്റെ നിലവിലെ കരാർ ജൂണിൽ അവസാനിക്കും.
ഈ കഴിഞ്ഞ ലോക കപ്പിൽ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യൻ ടീം ഫൈനൽ വരെ എത്തിയിരുന്നു. ഇന്ത്യയിൽ വച്ച് നടന്ന ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോട് സ്വന്തം നാട്ടിൽ വച്ച് ഇന്ത്യ പരാജയപ്പെടുകയായിരുന്നു.
രാഹുൽ ദ്രാവിഡിനെ പുറത്താക്കുകയല്ലെന്നും കോച്ച് സ്ഥാനത്തിന് വേണ്ടി അദ്ദേഹത്തിന് വേണമെങ്കിൽ ഇനിയും അപേക്ഷിക്കാമെന്നും എന്നാൽ മുമ്പത്തെപ്പോലെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ഉണ്ടാകില്ലെന്നും ജയ് ഷാ വ്യക്തമാക്കി.








