മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഏറ്റവും പുതുതായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘കണ്ണപ്പ’. 100 കോടി ചെലവിൽ ഒരുങ്ങുന്ന ഈ സിനിമയിൽ വിഷ്ണു മഞ്ജു, മോഹൻലാൽ, അക്ഷയ് കുമാർ, ശരത് കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് സൂപ്പർതാരം പ്രഭാസ് ചിത്രത്തിൽ അതിഥി താരമായും എത്തുന്നുണ്ട്.
1976 ൽ തെലുങ്കിൽ പുറത്തിറങ്ങിയ ഭക്ത കണ്ണപ്പ എന്ന ചിത്രത്തിനുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഈ സിനിമ ഒരുങ്ങുന്നത്. ആന്ധ്രപ്രദേശിൽ നടന്ന ഒരു യഥാർത്ഥ സംഭവകഥയെ അടിസ്ഥാനമാക്കിയാണ് കണ്ണപ്പ ഒരുങ്ങുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശിവ ഭക്തനായ കണ്ണപ്പ ആയി വിഷ്ണു മഞ്ജു ആണ് അഭിനയിക്കുന്നത്. മുകേഷ് കുമാർ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ഛായാഗ്രാഹകൻ ആയ ഷെൽഡൺ ചാവു ആണ് കണ്ണപ്പയുടെ ചിത്രീകരണം നിർവഹിക്കുന്നത്.
24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറുകളിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം. പരമശിവന്റെ വേഷത്തിലാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത് എന്നാണ് സൂചന. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിങ്ങിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. മണി ശർമ, മലയാളി സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി എന്നിവരാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നത്.












