കോട്ടയം: ബംഗളൂരുവില്‍ കണ്ടെന്ന് സംശയിച്ചത് ജെസ്നയെ അല്ലെന്ന് പോലീസ്. ഒരു യുവാവിനൊപ്പം ജെസ്നയെ ബംഗളൂരുവില്‍ കണ്ടെന്ന പാലാ പൂവരണി സ്വദേശി നല്കിയ വിവരം തെറ്റായിരുന്നുവെന്നും വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ്. ജെസ്നയെന്ന് സംശയിച്ചത് മറ്റൊരു മലയാളി പെണ്‍കുട്ടിയെ ആണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ബംഗളൂരുവിലെ ആശ്വാസ് ഭവനില്‍ ജെസ്ന എത്തിയെന്ന പാലാ സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. ഇവര്‍ ബംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയിലും ചികിത്സ തേടിയിരുന്ന എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
കേരളത്തിലും ഒരു സംഘം ജെസ്നയ്ക്കായി തെരച്ചില്‍ നടത്തുന്നുണ്ട്. ബംഗളൂരുവില്‍ കണ്ടത് ജെസ്നയല്ലെന്ന് സ്ഥിരീകരിച്ചതോടെ പെണ്‍കുട്ടിയുടെ തിരോധാനം സംബന്ധിച്ചുള്ള ദുരൂഹതകള്‍ വര്‍ധിച്ചിരിക്കുകയാണ്.
മാര്‍ച്ച് 22ന് രാവിലെ മുക്കൂട്ടുതറയില്‍ നിന്നും എരുമേലിയില്‍ എത്തി മറ്റൊരു ബസില്‍ ജെസ്ന പുഞ്ചവയല്‍ എന്ന സ്ഥലത്ത് എത്തിയതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. പിന്നീട് പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നുമില്ല. 52 ദിവസമായി കാണാതായിട്ടും കേസ് അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ടുപോയില്ല എന്നത് പോലീസിനെ കുഴയ്ക്കുകയാണ്. മൊബൈല്‍ ഫോണ്‍ എടുക്കാതെ പെണ്‍കുട്ടി പോയതിനാല്‍, ആ വഴിക്കുള്ള അന്വേഷണവും വഴിമുട്ടുകയായിരുന്നു.
Discussion about this post