ഇന്ത്യയിലെ ബാങ്കുകള്‍ പണം നല്കാന് മടിക്കുന്നത് കൊണ്ടാണ് 2022ഓടെ 84,000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനുള്ള പദ്ധതി ഇന്ത്യയില്‍ വൈകുന്നതെന്ന് കേന്ദ്ര റോഡ് വികസന മന്ത്രി നിതിന്‍ ഗഡ്കരി. റോഡ് കരാറുകാര്‍ക്ക് പണം നല്കുന്നതില് നിന്നും ബാങ്കുകള്‍ വിട്ടു നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്കും, കൂടുതല്‍ ജോലി സാധ്യതയ്ക്കും, നിക്ഷേപങ്ങള്‍ക്കും വേണ്ടിയും ബാങ്കുകള്‍ കുറച്ച് കൂടി പിന്തുണ നല്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ 20 വലിയ സമ്പദ്വ്യവസ്ഥകളില് ഇറ്റലിക്ക് ശേഷം ഏറ്റവും മോശം വായ്പാ അനുപാതമുള്ളത് ഇന്ത്യയ്ക്കാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വായ്പ നല്കുന്ന ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മോശം വായ്പകളില്‍ 60 മുതല്‍ 70 ശതമാനം വരെയുള്ളത് അടിസ്ഥാന സൗകര്യ മേഖലയിലാണ്.
‘വായ്പ ഞങ്ങള്‍ക്ക് നല്‍കണം. എന്നാല്‍ ബാങ്കിന്റെ നിലനില്‍പ്പ് ഉറച്ച് തന്നെ നില്‍ക്കണം,’ എസ്.ബി.ഐയുടെ എം.ഡി അര്‍ജിത് ബസു പറഞ്ഞു.
അതേസമയം ധനശേഖരണത്തിന് വേണ്ടി ഹൈവേകള്‍ 30 വര്‍ഷക്കാലത്തേക്ക് പാട്ടത്തിന് കൊടുക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് വഴി കിട്ടുന്ന പണം കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതായിരിക്കും.
ഇത് കൂടാതെ വാണിജ്യപരമായ പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ വേണ്ടി 35,000 കിലോമീറ്റര്‍ റോഡ് ശൃംഖല നിര്‍മ്മാണ പദ്ധതിയായ ‘ഭാരത്മാല’യ്ക്കും സര്‍ക്കാര്‍ ഫണ്ട് കണ്ടെത്തേണ്ടതുണ്ട്.
ഇതിന് പുറമെ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെയും പെട്രോള്‍, ഡീസല്‍ ഇതര ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇവയ്ക്ക് പെര്‍മിറ്റ് ആവശ്യമില്ലായെന്ന ആശയവും സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
Discussion about this post