ഫുട്ബോളര്‍മാരായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസ്സി എന്നിവരെ ഞെട്ടിച്ച് കൊണ്ട് ഫിഫയുടെ മികച്ച ഫുട്ബോളര് പുരസ്കാര പ്രഖ്യാപനം. ക്രോയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് ഫിഫയുടെ മികച്ച താരം. ബ്രസീലിന്റെ മാര്‍ത്തയെ മികച്ച വനിതാ താരമായും പ്രഖ്യാപിച്ചു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസ്സി, മുഹമ്മദ് സലാ എന്നിവരെ മറികടന്നാണ് ലൂക്ക മോഡ്രിച്ചിന് പുരസ്കാരം ലഭിച്ചത്. 2008ന് ശേഷം റൊണാള്‍ഡോയോ മെസ്സിയോ അല്ലാതൊരു താരം ഇതാദ്യമായിട്ടാണ് പുരസ്കാരം നേടുന്നത്.
ഫുട്ബോള്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെയും കളിക്കാരനാണ് ലൂക്കാ മോഡ്രിച്ച്. പുരസ്കാര ദാനച്ചടങ്ങില്‍ നിന്നും റൊണാള്‍ഡോയും മെസ്സിയും വിട്ട് നിന്നു. തനിക്ക് ലഭിച്ച പുരസ്കാരം തന്റേത് മാത്രമല്ല മറിച്ച് റയല്‍ മാഡ്രിഡിന്റെയും ക്രൊയേഷ്യയുടെയും തന്റെ എല്ലാ പരിശീലകരുടെയുമാണെന്ന് മോഡ്രിച്ച് പറഞ്ഞു.
അതേസമയം മികച്ച വനിതാ താരമായി പ്രഖ്യാപിക്കപ്പെട്ട മാര്‍ത്ത ഇത് ആറാം തവണയാണ് ഈ പുരസ്കാരം ഏറ്റുവാങ്ങുന്നത്. എന്നാല്‍ 2010ന് ശേഷം ആദ്യമായാണ് മാര്‍ത്തയ്ക്ക് ഈ പുരസ്കാരം ലഭിക്കുന്നത്.
മികച്ച യുതവതാരമായി ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പേയും മികച്ച ഗോളിയായി ബെല്‍ജിയത്തിന്റെ തിബോ കോര്‍ത്വയും മികച്ച പരിശീലകനായി ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാമും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മികച്ച ഗോളിനുള്ള പുരസ്കാരം മുഹമ്മദ് സലായ്ക്ക് ലഭിക്കുകയായിരുന്നു.
Discussion about this post