1984ല്‍ നടന്ന സിഖ് കൂട്ടക്കൊലയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന് പങ്കുണ്ടെന്ന് ബി.ജെ.പിയുടെ ആരോപണം. കമല്‍ നാഥിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ നാനാവതി കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്ന് ബി.ജെ.പി വക്താവ് സാമ്പിത് പത്ര പറഞ്ഞു. കൂട്ടക്കൊലയില്‍ പങ്കുള്ളയാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടിയില്‍ നിന്നും മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കമല്‍ നാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് തേജീന്ദര്‍ പാല് സിംഗ് ബഗ്ഗ അനിശ്ചിതകാല നിരാഹാര സമരത്തിന് തുടക്കം കുറിച്ചു. കമല്‍ നാഥിനും കോണ്‍ഗ്രസ് നേതാക്കളായ സജ്ജന്‍ കുമാറിനും ജഗദീഷ് ടിറ്റ്ലര്ക്കും കോണ്‍ഗ്രസ് പാര്‍ട്ടി അഭയം നല്‍കുകയായിരുന്നുവെന്ന് കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബദല്‍ ആരോപിച്ചു. ഇന്ന് സജ്ജന്‍ കുമാറെങ്കില്‍ നാളെ ജഗദീഷ് ടിറ്റ്ലറും പിന്നെ കമല്‍ നാഥും അതിന് ശേഷം ഗാന്ധി കുടുംബം മൊത്തവും അനുഭവിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കൂട്ടക്കൊലയുടെ ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് എടുത്തതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
ഗുരുദ്വാര രഖബ് ഗഞ്ജ് ആക്രമിച്ച ആള്‍ക്കൂട്ടത്തെ പ്രചോദിപ്പിച്ചത് കമല്‍ നാഥാണെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. സജ്ജന്‍ കുമാറിനും ജഗദീഷ് ടിറ്റ്ലര്ക്കും തൂക്കുകയര്‍ ലഭിക്കുന്നത് വരെയും ഗാന്ധി കുടുംബം മുഴുവനും ജയിലില്‍ കിടക്കുന്ന വരെയും പോരാട്ടം തുടരുമെന്ന് ശിരോമണി അകാലി ദള്‍ നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു.
Discussion about this post