ലോകത്തെ ഷഡ്പദ സ്പീഷീസുകൾ വൻ തോതിൽ ഒടുങ്ങിക്കൊണ്ടിരിയ്ക്കുന്നു. ഈ രീതിയിൽ മുന്നോട്ടുപോയാൽ വൻ വിപത്താണ് ഭൂമിയിലെ പരിസ്ഥിതിയെ കാത്തിരിയ്ക്കുന്നതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
ഷഡ്പദങ്ങൾ ഇല്ലാതായാൽ ലോകത്തെ സസ്യ ജന്തുജാലങ്ങളുടെ മുഴുവൻ അവസാനമായിരിയ്ക്കും എന്ന് ശാസ്ത്രജ്ഞർ ആശങ്ക അറിയിച്ചു. ഇന്ന് വരെ കാണാത്ത നിലയിലാണ് ഷഡ്പദങ്ങളുടെ വംശം കുറ്റിയറ്റുകൊണ്ടിരിയ്ക്കുന്നതെന്നാണ് പുതിയ പഠനം തെളിയിയ്ക്കുന്നത്.
കഴിഞ്ഞ എഴുപത്തിമൂന്ന് വർഷം കൊണ്ടു നടന്ന വിവിധ പഠനങ്ങളുടെ മേല്പരിശോധന ധടത്തി ജേർണൽ ഓഫ് ബയോളജിക്കൽ കൺസർവേഷൻ എന്ന ശാസ്ത്രപത്രികയിൽ ഈ മാസം പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഷഡ്പദവംശത്തിന്റെ ഈ വിധി വ്യക്തമായി തെളിയിച്ചിരിയ്ക്കുന്നത്.
യൂറോപ്പ് അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും പഠനങ്ങൾ നടത്തിയിട്ടുള്ളതെങ്കിലും ലോകം മുഴുവൻ നിന്നുമുള്ള വിവരങ്ങൾ പഠനത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഒരു വർഷത്തിൽ ഏതാണ്ട് 2.5 ശതമാനം ഷഡ്പദങ്ങൾ കുറഞ്ഞുകൊണ്ടിരിയ്ക്കുകയാണെന്നും അടുത്ത ഒന്നുരണ്ട് പതിറ്റാണ്ടിനുള്ളിൽ നാൽപ്പതുശതമാനത്തോളം ഷഡ്പദങ്ങളാവും ഭൂമുഖത്തു നിന്നും ഇല്ലാതെയാവുക.
ഷഡ്പദങ്ങളാണ് ലോകത്തെ സസ്യവർഗ്ഗങ്ങളിൽ പരാഗണം നടക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത്. ഷഡ്പദങ്ങൾ ഇല്ലെങ്കിൽ സസ്യങ്ങളിൽ പരാഗണം നടക്കില്ല. ഓരോ സസ്യവർഗ്ഗവും നിലനിൽക്കുന്നതിൽ ഷഡ്പദങ്ങളുടെ സഹായം അതിപ്രധാനമാണ്. സസ്യങ്ങളിൽ പരാഗണം നടക്കാതെയായാൽ തേങ്ങയും കാപ്പിയും മുതൽ പരുത്തിയും മുന്തിരിയും വരെയുള്ള വിളകളൊന്നും ഉണ്ടാകില്ല. കാടുകൾ പുതിയ സസ്യങ്ങളുണ്ടാകാതെ നശിയ്ക്കും. അതിനെ ഉപജീവിച്ച് ജീവിയ്ക്കുന്ന ജന്തുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങും. ആത്യന്തികമായി എത്ര കൃത്രിമ രീതികൾ സൃഷ്ടിച്ചാലും മനുഷ്യന്റെ തന്നെ നാശത്തിലേക്ക് അത് വഴിയൊരുക്കും.
കീടനാശിനികൾ ഉപയോഗിച്ചുള്ള കൃഷിരീതികളാണ് ഷഡ്പദങ്ങളുടെ ഇത്രയും വേഗതയിലുള്ള നാശത്തിനു കാരണമെന്നാണ് വിലയിരുത്തുന്നത്. ആയിരക്കണക്കിനു കൊല്ലങ്ങളായി മനുഷ്യൻ കൃഷിചെയ്തിട്ടും ആധുനിക കാലത്ത് മാത്രമാണ് ഈ ദുരന്തം ഉണ്ടായിരിയ്ക്കുന്നത് എന്നത് കീടനാശിനികളുടെ വൻ വിപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പൂമ്പാറ്റകളും നിശാശലഭങ്ങളും മുതൽ തേനീച്ചകളും മുതൽ പച്ചക്കുതിരകളും വെട്ടിലുകളും വരെയുള്ള ഷഡ്പദങ്ങൾക്ക് ദോഷം വരുത്താത്ത രീതിയിൽ നമ്മുടെ കാർഷികവൃത്തിയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുകയും ഷഡ്പദങ്ങൾക്കു കൂടി വളരാനാവുന്ന ചെറുകാവുകളും കാടുകളും ഗ്രാമനഗരഭേദമില്ലാതെ വച്ചുപിടിപ്പിച്ചും കീടനാശിനിയുടേയും ഷഡ്പദങ്ങൾക്ക് ദോഷകരമാവുന്ന രാസവസ്തുക്കളുടേയും ഉപയോഗം പരമാവധി കുറച്ചും വിവേചനമില്ലാത്ത ഉപയോഗം നിർത്തിയും ഷഡ്പദങ്ങളുടെ ആവാസവ്യവസ്ഥകൾ സംരക്ഷിച്ചും മാത്രമേ നമുക്ക് ഈ ദുരന്തം തടയാനാകൂ.
അല്ലെങ്കിൽ അടുത്ത നൂറൂകൊല്ലത്തിനിടയിൽ ഷഡ്പദങ്ങളും അതോടൊപ്പം മാനവരാശിയും എന്നെന്നേക്കുമായി ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായേക്കാം.
Discussion about this post