ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു.12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്.
വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ആരോപണത്തെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെയും ക്രമസമാധാന പ്രശ്നങ്ങളെത്തുടർന്ന് ത്രിപുര ഈസ്റ്റിലെയും തെരഞ്ഞെടുപ്പുകൾ കമ്മീഷൻ മാറ്റിവെച്ചിരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 23 ന് ഈ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.
വെല്ലൂർ ഒഴികെയുള്ള തമിഴ്നാട്ടില്‍ 38 ലോക്സഭാ സീറ്റുകളിലും 18 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പ്രമുഖര്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തി.
സിനിമാ രംഗത്ത് നിന്ന് രജനീകാന്ത്, വിജയ്, അജിത്ത് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളജിലെ പോളിങ്ങ് ബൂത്തിലാണ് രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്
ചെന്നൈ സെൻട്രൽ മണ്ഡലത്തിലെ വോട്ടറാണ് രജനികാന്ത്.ചെന്നൈ സൗത്ത് മണ്ഡലത്തിലെ വോട്ടറായ നടൻ വിജയ് അഡയാർ പോളിങ്ങ് സെന്ററിലാണ് വോട്ട് ചെയ്യാനെത്തിയത്.
നടൻ അജിത്ത്,ഭാര്യ ശാലിനി എന്നിവർ ചെന്നൈ തിരുവാൺമിയൂറിൽ വോട്ട് രേഖപ്പെടുത്തി. ചെന്നൈ സൗത്ത് മണ്ഡലത്തിൽ വോട്ടർമാരാണ് ഇരുവരും. പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ,മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി എന്നിവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖിൽ കുമാരസ്വാമി, സുമലത, പൊൻ രാധാകൃഷ്ണൻ,ഹേമമാലിനി,ഫറൂഖ് അബ്ദുള്ള,സുശീൽ കുമാർ ഷിൻഡെ,കനിമൊഴി എന്നിവരാണ് ഇന്ന് ജനവിധി തേടുന്നവരിൽ പ്രമുഖർ.
Discussion about this post