വാരാണസിയിലെ ക്ഷേത്രങ്ങള്‍ക്കും പൈതൃക കേന്ദ്രങ്ങള്‍ക്കും സമീപം മദ്യവും മാംസാഹാരവും നിരോധിക്കാനൊരുങ്ങുന്നു. വാരാണസി മുന്‍സിപ്പില്‍ കോര്‍പ്പറേഷനാണ് പുതിയ തീരുമാനത്തിന്റെ പിന്നില്‍.നേരത്തെ ഹരിദ്വാറിലും അയോദ്ധ്യയിലും ഇത് നടപ്പിലാക്കിയിരുന്നു.
പുരാതന തീര്‍ത്ഥാടന കേന്ദ്രമായ വാരാണസിയിലെ ക്ഷേത്രങ്ങള്‍, പൈതൃക സ്ഥലങ്ങള്‍ എന്നിവയുടെ 250 മീറ്റര്‍ ചുറ്റളവില്‍ മദ്യവും മാംസാഹാരവും പൂര്‍ണ്ണമായും നിരോധിക്കുന്നതിനാണ് തീരുമാനം. മേയര്‍ മൃദുല ജയ്സ്വാളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മറ്റി മുമ്പാകെ കൗണ്‍സിലര്‍ രാജേഷ് യാദവാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് മുന്‍സിപ്പല്‍ കോര്പ്പറേഷന് ഉപാധ്യക്ഷന്‍ നരസിംഗ് ദാസ് പറഞ്ഞു.
എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ തീരുമാനമെടുത്തെങ്കിലും അടുത്ത മുനിസിപ്പല്‍ കോര്പ്പറേഷന് യോഗത്തിലെ ഇത് പസാക്കാന്‍ സാധിക്കുകയുള്ളൂ. അതിനു ശേഷം സംസ്ഥാന സര്‍ക്കാരില്‍ നിന്നും അന്തിമ അനുമതി തേടും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമാണ് വാരാണസി. കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെ രണ്ടായിരത്തോളം ക്ഷേത്രങ്ങളുള്ള പൈതൃക നഗരം കൂടിയാണിത്.
Discussion about this post