ന്യൂഡൽഹി: എണ്ണ ഇറക്കുമതിയിലൂടെ വൻ ലാഭം കണ്ടെത്തി ഇന്ത്യ. എണ്ണ വില കുതിച്ചു നിൽക്കുമ്പോഴും ഇറക്കുമതിയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയാണ് കോടി കണക്കിന് രൂപയുടെ ലാഭമുണ്ടാക്കിയത്. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യ എണ്ണ വിലയിൽ വലിയ ഇളവ് നൽകിയതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. റഷ്യയ്ക്കൊപ്പം നിന്ന ഇന്ത്യൻ നിലപാടുകളും നേട്ടമായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13 ബില്യണിലധികം അമേരിക്കൻ ഡോളർ ലാഭിക്കാൻ ഇന്ത്യയ്ക്കായി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്മെന്റ് ഇൻഫർമേഷൻ ആൻഡ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഓഫ് ഇന്ത്യ ലിമിറ്റഡ് അഥവ ഐഐസിആർഎയുടെ പഠനമാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
രാജ്യം റഷ്യയ്ക്ക് പുറമെ സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇതോടൊപ്പം ഒമാനിനും ഇറാനിനുമിടയിലുള്ള പ്രസിദ്ധമായ സ്രട്രെയ്റ്റ് ഓഫ് ഹോർമസ് കടലിടുക്കിലൂടെ ഖത്തറിൽ നിന്ന് പ്രകൃതി വാതകവും (എൽഎൻജി) രാജ്യത്തേക്ക് എത്തുന്നുണ്ട്.
2022ൽ റഷ്യയുടെ വിതിതം രണ്ട് ശതമാനമായിരുന്നത് 2024 ആയപ്പോഴേക്കും 36 ശതമാനമായി ഉയർന്നു. അതേസമയം, പശ്ചിമേഷ്യൻ രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി 34 ശതമാനത്തിൽ നിന്ന് 23 ശതമാനമായി കുറയുകയും ചെയ്തു. ഐസിആർഎ റിപ്പോർട്ട് അനുസരിച്ച്, റഷ്യയിൽ നിന്നുള്ള ഇറക്കുമതിയുടെ യൂണിറ്റ് മൂല്യം യഥാക്രമം 2023 സാമ്പത്തിക വർഷത്തിലും 2024 സാമ്പത്തിക വർഷത്തിലെ 11 മാസങ്ങളിലും പശ്ചിമേഷ്യയിൽ നിന്നുള്ള സമാന നിലവാരത്തേക്കാൾ 16.4 ശതമാനവും 15.6 ശതമാനവും കുറവാണ്.
2024 ഫെബ്രുവരിയിൽ റഷ്യയിൽ നിന്ന് ഇന്ത്യ 3.61 ബില്യൺ ഡോളറിന്റെയും ജനുവരിയിൽ 4.47 ബില്യൺ ഡോളറിന്റെയും എണ്ണ ഇറക്കുമതി ചെയ്തു. അതേസമയം, വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത് 2.6 ബില്യൺ ഡോളറിന്റെ ക്രൂഡ് ഓയിലാണ്. ഇറാഖിൽ നിന്നും 2.24 ബില്യൺ ഡോളറിന്റെ അസംസ്കൃത എണ്ണയും ഇന്ത്യയിലേക്കെത്തി.
Discussion about this post