പണ്ട് മുതൽക്കേ പൂന്തോട്ടത്തിൽ സസ്യങ്ങൾ നട്ടുനനച്ച് പരിപാലിച്ച് വളർത്താം ഇഷ്ടപ്പെടുന്നവരാണ് നാം. എത്ര വലിയതോ ചെറുതോ ആവട്ടെ, ഒരു പൂന്തോട്ടം കൂടി ഉണ്ടെങ്കിലേ വീട് വീടാവൂ. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അത്ര സുഖകരമല്ല, അരളിപൂവിൻ്റെ വിഷാംശത്തെ കുറിച്ചാണ് ചർച്ചകളത്രയും. ഒന്ന് കണ്ണോടിച്ച് നോക്കൂ അരളിയെ കൂടാതെ മറ്റ് അപകടകാരികളായ സസ്യങ്ങളും നമ്മുടെ തോട്ടത്തുൽ കാണാൻ സാധിക്കും.
പാശ്ചാത്യരാജ്യങ്ങളിൽ കണ്ട് വരുന്ന ചെടികൾ ഇന്ന് നമ്മുടെ തോട്ടത്തിലും ധാരാളമായി കാണുന്നുണ്ട്. അപകടകരം എന്ന് പേരുകേട്ട ചെടിയാണ് ബ്രഗ്മാൻസിയ(brugmansia). അവയിൽ സ്കോപോളമൈൻ എന്നറിയപ്പെടുന്ന ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്. കൊളംബിയയിൽ, പ്രത്യേകിച്ച് അതിന്റെ മയക്കുമരുന്ന് തലസ്ഥാനമായ മെഡെലിനിൽ യാത്ര ചെയ്യുമ്പോൾ വഴിയരികിൽ ഇതിന്റെ ചെടി പൂത്ത് നിൽക്കുന്നത് കണ്ടേക്കാം. ബെല്ലാകൃതിയിലുള്ള ഇതിന്റെ പൂക്കൾ അറിയാതെപോലും മണക്കാൻ ശ്രമിക്കരുത്. കാഴ്ച്ചയിൽ മനോഹരമായി തോന്നുന്ന ഇത് എന്നാൽ അങ്ങേയറ്റം അപകടകാരിയാണ്.
മണിച്ചോളം
ഇലകളിലും തണ്ടുകളിലും സയനൈഡ് വിഷം സംഭരിച്ചുവയ്ക്കുന്ന സസ്യങ്ങളില്‍ പ്രധാനിയാണ് മണിച്ചോളം അഥവാ സോർഗം/ ജോവര്‍ ചെടികള്‍. വളര്‍ന്ന് വലുതായി വിളയുന്നതോടെ സയനൈഡിന്റെ അംശം കുറയുമെങ്കിലും ഇളംചെടികളിലും തളിരിലകളിലും വിഷാംശത്തിന്റെ തോത് കൂടുതലായിരിക്കും. മാരകവിഷം ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നതറിയാതെ പശുക്കള്‍ മണിച്ചോളചെടികള്‍ രുചിയോടെ ചവച്ചരച്ച് തീറ്റയാക്കിയതായിരുന്നു കൂട്ടമരണത്തിന്റെ കാരണം. മണിച്ചോളച്ചെടികൾ തളിരിടുന്ന സമയത്ത് അത് ആഹാരമാക്കി കന്നുകാലികൾ കൂട്ടമായി മരണപ്പെടുന്ന സംഭവങ്ങൾ ആന്ധ്രയിലും തമിഴ്നാട്ടിലുമെല്ലാം സാധാരണയാണ്.
ഒതളങ്ങ
ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ രാസപദാര്‍ത്ഥങ്ങള്‍ വിഷകാരിയാകുന്ന മറ്റു സസ്യങ്ങളാണ് ഒതളങ്ങയും (Cerbera odollam) വിഷപ്പാലയും (Vallaris oslanacea ). ഇവ രണ്ടും അരളിയുടെ കുടുംബമായ അപ്പോസയനെസിയെ അംഗങ്ങളാണ്. ഒതളങ്ങയുടെ കായയിലാണ് ഏറ്റവുമധികം വിഷം അടങ്ങിയിരിക്കുന്നത്.
എരുക്ക്
നാട്ടിന്‍പുറങ്ങളിലും ഉപയോഗശൂന്യമായ വെളിമ്പ്രദേശങ്ങളിലും കാണപ്പെടുന്ന മറ്റൊരു വിഷസസ്യം ആണ് എരുക്ക് (Calotropis gigantea). അരളി കുടുംബത്തില്‍പ്പെട്ട മറ്റൊരു കുറ്റിച്ചെടിയാണ് ഇത്. uscharin, calotoxin, calactin, calotropin തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ ആണ് ഇതിനെ വിഷമാക്കുന്നത്. ഏറ്റവും അധികം വിഷാംശം അടങ്ങിയിരിക്കുന്നത് ഇതിന്റെ പാലിലാണ്. വിഷബാധയുണ്ടായാല്‍ ആറ് മുതല്‍ 12 മണിക്കൂറിനകം തന്നെ മരണം സംഭവിക്കാം.
ഉമ്മം
ഉമ്മം (Datura stramonium). atropine, hyoscyamine, scopolamine തുടങ്ങിയ ആല്‍ക്കലോയിഡുകള്‍ ആണ് ഇതിനെ വിഷകാരിയാക്കുന്നത് ഇലകളിലും തണ്ടിലും എല്ലാം വിഷം ഉണ്ടെങ്കിലും ഏറ്റവും അധികം വിഷം കാണുന്നത് വിത്തുകളിലാണ്. അറിഞ്ഞോ അറിയാതെയോ ഇത് അകത്തേക്ക് എത്തിപ്പെട്ടാല്‍ മരണകാരി ആവുന്നതാണ്.
മേന്തോന്നി
അലങ്കാര ആവശ്യങ്ങള്‍ക്കും മറ്റും വളര്‍ത്തുന്ന മറ്റൊരു സസ്യമാണ് മേന്തോന്നി (Gloriosa superba). കാണാന്‍ ഭംഗിയുള്ള ചുവന്ന പൂക്കള്‍ ഇതിനെ അലങ്കാരസസ്യങ്ങൾ വളര്‍ത്തുന്നവരുടെ പ്രിയപ്പെട്ട സസ്യമാക്കി മാറ്റുന്നു. ഇതിന്റെ നടീല്‍ വസ്തുവായ കിഴങ്ങുകളില്‍ തന്നെയാണ് മാരക വിഷമായ കോള്‍ചൈസിന്‍ എന്ന ആല്‍ക്കലോയിഡ് അടങ്ങിയിട്ടുള്ളത്.
കുന്നിക്കുരു
കുന്നിക്കുരുവിന്റെ പരിപ്പില്‍ മാരകമായ Abrin എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ കുരു തന്നെ മാരകമായ വിഷബാധയ്ക്ക് കാരണമാകാറുണ്ട്. പരിപ്പിന് പുറത്ത് നമ്മള്‍ കാണുന്ന ചുവപ്പും കറുപ്പും നിറത്തിലുള്ള പുറന്തോട് സാധാരണ ഗതിയില്‍ ദഹിക്കാറില്ല. അതിനാല്‍ തന്നെ ഒന്നോ രണ്ടോ കുരു നേരിട്ട് അകത്ത് ചെന്നാലും ഈ തോട് പൊട്ടിയിട്ടില്ലെങ്കില്‍ വിഷബാധയേല്‍ക്കാതെ, ദഹിക്കാതെ പുറത്തേക്കു പോകും. എന്നാല്‍ വളരെ നേരിയ പൊട്ടലോ കേടുപാടുകളോ ഈ പുറന്തോടിന് ഉണ്ടായാല്‍ വിഷം പുറത്തുവരാന്‍ കാരണമാവുകയും മാരകമാവുകയും ചെയ്യും.
Discussion about this post