ഡൽഹി: ദേശീയ തലസ്ഥാനത്തെ ചാന്ദ്നി ചൗക്കിൽ മതതീവ്രവാദികൾ ദുർഗ്ഗാ ദേവീക്ഷേത്രം ആക്രമിച്ച സംഭവം പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി.
കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടു വരണമെന്നും യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
അരാധനാലയങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ സാമുദായിക സൗഹാർദ്ദം തകർക്കും. സമാധാന അന്തരീക്ഷത്തിന് ഭീഷണിയാകുന്ന ഇത്തരം ചെയ്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കപ്പെടണമെന്നും അതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് പ്രായപൂർത്തിയാകാത്ത ഒരു വ്യക്തിയടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രമണത്തെ അപലപിച്ചു കൊണ്ട് വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള സംഘപരിവാർ പ്രസ്ഥാനങ്ങൾ ശക്തമായി രംഗത്ത് വന്നിരുന്നു. ചാന്ദ്നി ചൗക്ക് എം പിയും കേന്ദ്ര മന്ത്രിയുമായ ഡോക്ടർ ഹർഷ വർദ്ധൻ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും സമാധാനം പാലിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിലെ അന്വേഷണ പുരോഗതി ഡൽഹി പൊലീസ് കമ്മീഷണറെ നേരിട്ട് വിളിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരാഞ്ഞിരുന്നു.
Discussion about this post