അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റിഷന്‍ നല് നൊരുങ്ങി ഹിന്ദു മഹാസഭ. മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അഞ്ച് ഏക്കര്‍ അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന് നല്‍കാനാണ് ഹിന്ദു മഹാസഭയുടെ തീരുമാനം. അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ അനുവദിക്കേണ്ട ആവശ്യമില്ലെന്നാണ് ഹിന്ദു മഹാസഭ ഹര്‍ജിയിലൂടെ ആവശ്യപ്പെടും.
അയോധ്യയില്‍ പള്ളി നിര്‍മാണത്തിന് ഭൂമി അനുവദിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഹിന്ദുമഹാസഭയുടെ വിലയിരുത്തല്‍. തര്‍ക്കഭൂമിയുടെ അകവും പുറവും ഹിന്ദുക്കളുടെ ഭൂമിയാണെന്നും അയോധ്യയില്‍ മുസ്ലിങ്ങള്‍ ഭൂമി അനുവദിക്കരുതെന്നും ഹിന്ദുമഹാസഭയുടെ അഭിഭാഷകന് വിഷ്ണു ശങ്കര്‍ വ്യക്തമാക്കി.
ഹിന്ദു സംഘടനകളുടെ ഭാഗത്തുനിന്ന് വിധിക്കെതിരെ ആദ്യമായാണ് റിവ്യൂ പെറ്റീഷന് നല്‍കുന്നത്. നവംബര്‍ 10 നായിരുന്നു അയോധ്യ-ബാബ്രി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനും അയോധ്യയില്‍ മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അഞ്ച് ഏക്കര്‍ ഭൂമി അനുവദിക്കാനുമായിരുന്നു വിധി.
Discussion about this post