ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായി നടന്ന ഭൂമിപൂജക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. രാമക്ഷേത്ര നിർമ്മാണത്തിനായി പ്രയത്നിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. അയോധ്യയിലെ രാമക്ഷേത്രം രാമരാജ്യം എന്ന മഹനീയ ആശയത്തിൽ അധിഷ്ഠിതമായി നിർമ്മിക്കപ്പെടുന്ന നവഭാരതത്തിന്റെ പ്രതീകമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മര്യാദാ പുരുഷോത്തമൻ ശ്രീരാമ പ്രഭുവിന്റെ ക്ഷേത്രം നീതിയുടെയും സാമൂഹ്യ ക്ഷേമത്തിന്റെയും ഐക്യത്തിന്റെയും ആശയങ്ങൾക്ക് അനുസൃതമായാകും നിർമ്മിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമിപൂജ നടന്നു. ഭൂമിപൂജക്ക് മുന്നോടിയായി അദ്ദേഹം അയോധ്യയിലെ ഹനുമാൻ ഘാട്ടി ക്ഷേത്രം സന്ദർശിച്ചു. അയോധ്യയിലെ രാമജന്മഭൂമി സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, യോഗാചാര്യൻ ബാബ രാംദേവ്, തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Discussion about this post