ഹരിപ്പാട് : പോലീസ് അക്കാദമി ചടങ്ങില്‍ ബഹുമാനിച്ചില്ലെന്ന വിവാദത്തെ വെള്ളമൊഴിച്ചു കെടുത്തി എ.ഡി.ജി.പി ഋഷിരാജ് സിംഗിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പൊന്നാട അണിയിക്കല്‍. കേരള ഫോക് ലോര്‍ അക്കാദമിയും സൗത് സോണ്‍ കള്‍ചറല്‍ സൊസൈറ്റി തഞ്ചാവൂരും ഇല ചാരിറ്റി ഇനിഷ്യേറ്റിവും സംയുക്തമായി സംഘടിപ്പിച്ച ഓണനിലാവായിരുന്നു വേദി.
ചടങ്ങില്‍ ഇരുവരും പരസ്പരം പുകഴ്ത്തി സംസാരിച്ച് തങ്ങള്‍ക്കിടയിലുള്ള മഞ്ഞുരുകിയതായി വ്യക്തമാക്കി. പാവങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കുന്ന ജനപ്രിയ നേതാവെന്നായിരുന്നു രമേശ് ചെന്നിത്തലയെ എഡിജിപി വിശേഷിപ്പിച്ചത്. ഇതിന് ഉത്തരവാദിത്ത ബോധമുള്ള സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥന് എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഓമലാളെ കണ്ടു ഞാന്‍ എന്ന ഗാനം ഋഷിരാജ്സിംഗ് പാടുകയും ചെയ്തു. ഹരിപ്പാടിന്റെ കലാപാരമ്പര്യവും സുബ്രഹ്മണ്യസ്വാമി, മണ്ണാറശ്ശാല നാഗരാജ ക്ഷേത്ര ചരിത്രവും പ്രാധാന്യവുമെല്ലാം ഋഷിരാജ്സിംഗ് എടുത്തുകാട്ടി.
നേരത്തേ വനിത പൊലീസ് പാസിങ്ഔട്ട് പരേഡിനത്തെിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് മുഖം കൊടുക്കാതിരുന്നതാണ് വിവാദമായത്. രാമവര്‍മപുരം പൊലീസ് അക്കാദമിയിലെ ചടങ്ങിന് മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഉണ്ടായിരുന്ന എ.ഡി.ജി.പി രാജേഷ് ദിവാനും ഐ.ജിയുമടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരും അതിഥികളും എഴുന്നേറ്റെങ്കിലും ഋഷിരാജ് സിംഗ് അനങ്ങിയില്ല. മറ്റുള്ളവര്‍ സല്യൂട്ട് ചെയ്തപ്പോള്‍ ഋഷിരാജ് തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല.
Discussion about this post