തിരുവനന്തപുരം : കേരള പോലീസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത വകയിൽ സർക്കാരിന് കോടികളുടെ നഷ്ടം വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ആകെ അഞ്ചു പ്രാവശ്യമാണ് കഴിഞ്ഞ ആറു മാസത്തിനിടെ ഹെലികോപ്റ്റർ പറന്നിട്ടുള്ളത്. പത്തു കോടിയിലധികം രൂപ ഈ ഹെലികോപ്റ്ററിന് സർക്കാർ വാടക നൽകുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഹെലികോപ്റ്റർ വാടകയുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഹെലികോപ്റ്റർ വാടകയുടെ പേരിലുള്ള സർക്കാർ ധൂർത്ത്. ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനായി 18% ജിഎസ്ടി ഉൾപ്പെടെ ഒരു കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരു മാസത്തിൽ 20 മണിക്കൂർ പറക്കാനാണ് ഈ തുക. പറന്നാലും പറന്നില്ലെങ്കിലും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പവൻ ഹാൻസെന്ന കമ്പനിക്ക് ഈ തുക നൽകണം.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന പോലീസുകാർക്ക് സാമ്പത്തിക പ്രതിസന്ധി മൂലം ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ കഴിയുന്നില്ലെന്ന് പറയുമ്പോഴാണ് പോലീസ് നവീകരണത്തിനായി മാറ്റിവെച്ച തുകയിൽ നിന്നും സർക്കാർ ഹെലികോപ്റ്ററിനായി കോടികൾ ചിലവഴിക്കുന്നത്.
Discussion about this post