തിരുവനന്തപുരം: കിഫ്ബിയും സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക് രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ധനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് തെളിഞ്ഞതായും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ് തോമസ് ഐസക്ക് നടത്തിയത്. മന്ത്രി രാജിവെയ്ക്കണമെന്നും ഇല്ലെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് രാജിവെപ്പിക്കണമെന്നും കെ. സുരേന്ദ്രന് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ വഴി നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കേണ്ട സിഎജി റിപ്പോര്‍ട്ട് സ്വന്തം അഴിമതി മറച്ചുവെയ്ക്കാനും രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടിയും മന്ത്രി ചോര്‍ത്തുകയായിരുന്നു. കരട് റിപ്പോര്‍ട്ടാണ് ചോര്‍ന്നതെന്നാണ് നാല് ദിവസങ്ങളായി മന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇതല്ലെന്ന് സമ്മതിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
നിയമവ്യവസ്ഥിതികള്‍ ലംഘിച്ചുകൊണ്ടാണ് മന്ത്രി നുണപ്രചാരണം നടത്തിയത്. അത് അദ്ദേഹത്തിന്റെ അഴിമതി മൂടിവെയ്ക്കാന്‍ വേണ്ടിയാണെന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക രഹസ്യം സ്വന്തം താല്പര്യത്തിന് വേണ്ടി പരസ്യപ്പെടുത്തുകയായിരുന്നു മന്ത്രി ചെയ്തതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
സിഎജി റിപ്പോര്‍ട്ടില്‍ വിരുദ്ധാഭിപ്രായമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാനുളള അവകാശം മന്ത്രിയെന്ന നിലയില്‍ തോമസ് ഐസക്കിനും ബാക്കി എല്ലാവര്ക്കും ഉണ്ട്. എന്നാല്‍ അത് നടപടിക്രമങ്ങള്‍ പാലിച്ച് നിയമസഭയില്‍ അവതരിപ്പിച്ച ശേഷം വേണം ചെയ്യാനെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. ഇവിടെ ഏറ്റവും തെറ്റായ മാര്‍ഗമാണ് മന്ത്രി അവലംബിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയതായി പരസ്യമായി തെളിഞ്ഞിരിക്കുകയാണ്. അതുകൊണ്ടു തന്നെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹം യോഗ്യനല്ലെന്നും എത്രയും വേഗം രാജിവെയ്ക്കണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
Discussion about this post