മുംബൈ: റിപ്പബ്ലിക് ടിവി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിംഗിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മുംബൈ പോലീസ് കമ്മീഷ്ണർക്ക് സമൻസയച്ച് മനുഷ്യാവകാശ കമ്മീഷൻ. മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗിനാണ് കമ്മീഷൻ സമൻസയച്ചിട്ടുള്ളത്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, നവംബർ 27 നു മുമ്പ് കമ്മീഷനു മുൻപിൽ ഹാജരാകാൻ പരംബീർ സിംഗിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വ്യാജ ടിആർപി കേസുമായി ബന്ധപ്പെട്ട് ഘനശ്യാം സിംഗിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ പരാതി സമർപ്പിച്ചത് അഭിഭാഷകനായ ആദിത്യ മിശ്രയാണ്. റിപ്പബ്ലിക്ക് ടിവിയുടെ പേര് കേസിന്റെ എഫ്ഐആറിൽ ഇല്ലായിരുന്നുവെന്നും പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഘനശ്യാം സിംഗിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തതെന്നുമാണ് പരാതിയിൽ ആദിത്യ മിശ്ര വ്യക്തമാക്കിയിട്ടുള്ളത്. ഈ പരാതിയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
ടിആർപി കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് റിപ്പബ്ലിക് ടിവി അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഘനശ്യാം സിംഗ്. ശേഷം ക്വില കോടതിയിൽ ഹാജരാക്കിയ ഘനശ്യാമിനെ 3 ദിവസം കോടതി കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര സർക്കാർ കരുതിക്കൂട്ടി തങ്ങളെ ലക്ഷ്യം വെയ്ക്കുകയാണെന്നാണ് സംഭവത്തിൽ റിപ്പബ്ലിക്ക് ചാനൽ പ്രതികരിച്ചത്.
Discussion about this post