മുംബൈ: ടിആർപി റേറ്റിംഗിൽ കൃത്രിമം കാണിച്ചുവെന്ന കേസിൽ റിപ്പബ്ലിക്ക് ടിവി സിഇഒ വികാസ് ഖാൻ ചന്ദാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നുമാണ് വികാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെ മുംബൈ പോലീസ് വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത് മുൻകൂർ ജാമ്യം നേടി കേസിൽ തിങ്കളാഴ്ച വാദം കേൾക്കാനിരിക്കെയാണ്. റിപ്പബ്ലിക് ടിവിക്കെതിരെ ഒരു മാസം മുമ്പാണ് റേറ്റിങ്ങിൽ കൃത്രിമം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചത്. ചാനലുകാർ വീടുകളിൽ നിന്നും ലഭിച്ച ഡാറ്റ ഉപയോഗിച്ച് കൃത്രിമം നടത്തിയെന്നതാണ് കേസ്. നേരത്തെ, പരസ്യവരുമാനം വർധിപ്പിക്കുന്നതിനായി റേറ്റിങ്ങിൽ ചാനൽ കൃത്രിമം കാണിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ മുംബൈ പോലീസ് കമ്മീഷണർ പരംവീർ സിംഗ് ആരോപിച്ചിരുന്നു.
അതേസമയം, റിപ്പബ്ലിക് ചാനലിനെതിരെയും റിപ്പബ്ലിക് ചാനൽ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിക്കെതിരെയുമുള്ള മഹാരാഷ്ട്ര സർക്കാരിന്റെ വൈരാഗ്യത്തിന്റെ പുറത്താണ് ഇത്തരത്തിൽ കള്ളക്കേസുകളിൽ ചാനലിനെ കുടുക്കുന്നതെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്ന പതിമൂന്നാമത്തെയാളാണ് വികാസ് ഖാൻ ചന്ദാനി.
Discussion about this post