മൂന്നാര്‍: മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരത്തിനിടെ ചര്‍ച്ചയ്ക്കെത്തിയ എംഎല്‍എയെ തൊഴിലാളികള്‍ വിരട്ടിയോടിച്ചു. എംഎല്‍എ ആയ എസ് രാജേന്ദ്രനെയാണ് തൊഴിലാളികള്‍ വിരട്ടിയോടിച്ചത്. തൊഴിലാളികളുടെ പ്രശ്നം ചര്‍ച്ചചെയത് പരിഹരിയ്ക്കാല് എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടുദിവസമായി നടന്ന മന്ത്രിതലചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം തുടരുകയാണ്. ബോണസ്ശമ്പള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണന് ദേവന് ഹില്‍ പ്ലാന്റേഷന് കമ്പനി (കെ.ഡി.എച്ച്.പി.) തൊഴിലാളികള്‍ സമരം നടത്തുന്നത്. സമരം തുടരുന്നതോടെ ഏഴാംദിവസവും മൂന്നാര്‍ സ്തംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ചമുതലാണ് കമ്പനിയിലെ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി പ്രധാന യൂണിയന് ഓഫീസുകളും ദേശീയപാതയടക്കമുള്ള വഴികളും ഉപരോധിച്ച് സമരം നടത്തുന്നത്. ബുധനാഴ്ച തൊഴില്‍മന്ത്രിയുടെ ചേംബറില്‍ കമ്പനി അധികൃതര്‍, തൊഴിലാളിപ്രതിനിധികള്‍, തൊഴില്‍വകുപ്പുദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ചത്തെ ചര്‍ച്ചകളും വിഫലമായി.
എല്ലപ്പെട്ടി, വാഗുവാര, തലയാര്‍, പള്ളിവാസല്‍ എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ അതിരാവിലെമുതല്‍തന്നെ റോഡുപരോധം തുടങ്ങി. വ്യാഴാഴ്ച രാവിലെ 10.30ഓടെ ടൗണിലെ കമ്പനിയുടെ റീജണല്‍ ഓഫീസിനുമുമ്പില്‍ പ്രകടനമായെത്തിയ ഏഴായിരത്തോളം തൊഴിലാളികള്‍, പോലീസ് വലയം ഭേദിച്ച് കൊച്ചി-ധനുഷ്കോടി ദേശീയപാതയടക്കമുള്ള വഴികളില്‍ കുത്തിയിരുന്ന് ഉപരോധം തുടങ്ങി. വാഹനങ്ങള്‍ കടന്നുപോകുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത പോലീസുദ്യോഗസ്ഥര്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ഇതോടെ, ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളുമായെത്തിയ വാഹനങ്ങള്‍മാത്രം പോകാനേ സമരക്കാര്‍ അനുവദിച്ചുള്ളൂ.
ബോണസ്പ്രശ്നം സംബന്ധിച്ച് ഞായറാഴ്ചയ്ക്കകവും ശമ്പളം സംബന്ധിച്ച് 26നും തീരുമാനം പ്രഖ്യാപിക്കുമെന്ന് തൊഴില്‍വകുപ്പുമന്ത്രി ഷിബു ബേബിജോണ്‍ പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികള്‍ സമരത്തില്‍നിന്നു പിന്മാറാന് തയ്യാറായില്ല. ബോണസ്, ശമ്പള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. വ്യാഴാഴ്ചയും ടീ മ്യൂസിയം, ടാറ്റായുടെ കീഴിലുള്ള പള്ളിവാസല്‍, നല്ലതണ്ണി ഐ.ടി.ഡി. ഫാക്ടറികള്‍, കെ.ഡി.എച്ച്.പി. കമ്പനിയുടെ വിവിധ ഫാക്ടറികള്‍, ഓഫീസുകള്‍, റീജണല്‍ ഓഫീസ്, ഹൈറേഞ്ച് സ്കൂള്‍ എന്നിവ അടഞ്ഞുകിടന്നു.
സമരം ശക്തമായ മുന്നാറിലേക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അറിയിച്ചു. ഇതേസമയം, സര്‍ക്കാര്‍ ിലപാട് ന്യായീകരിക്കാനാകില്ല .പ്രശനം പരിഹരിച്ചില്ലെങ്കില്‍ സമര മുന്നണിയില്‍ താനുണ്ടാകുമെന്ന് വിഎസ് പറഞ്ഞു. വിഎസ് എത്തിയാല്‍ സ്വാഗതം ചെയ്യുമെന്ന് സമരക്കാരും പ്രതികരിച്ചു.
Discussion about this post