നന്ദികേശന് (പെന്‍ഡ്രൈവ്)
ചെരുപ്പും കയ്യില്‍ പിടിച്ച് ഓടിവന്ന സമരക്കാരിയെ പോലീസ് കൃത്യസമയത്ത് തടഞ്ഞില്ലായിരുന്നെങ്കില്‍ ഒരു സമരവടു ഇദ്ദേഹത്തിന്റെ മുതുകത്തോ മുഖത്തോ ഉണ്ടായേനെ..!! എന്തായാലും സ്ഥലത്ത് നിന്ന് ധീരമായി ഓടി രക്ഷപ്പെട്ട സഖാവ്, പക്ഷെ വിഷയം അങ്ങനെയൊന്നും വിട്ടുകളയില്ല എന്ന വാശിയിലാണ്..!!
രസകരമായ ഒരു സമരപരമ്പരയ്ക്കാണ് കേരള ജനത സാക്ഷ്യം വഹിക്കാന്‍ പോകുന്നത്…!! ഇനിയുള്ള നാളുകളില്‍ വെറുതെ ടിവിയില്‍ വെറുതെ സീരിയലും സിനിമയും കണ്ടിരിക്കരുത്..!! ന്യൂസ് ചാനലുകള്‍ മാറിമാറി കാണണം..!! ഇല്ലെങ്കില്‍ നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ഇനിയൊരു പത്തു തലമുറയ്ക്ക് പോലും കാണാന്‍ സാധിക്കാത്ത രംഗങ്ങളായിരിക്കും..!!
സമരത്തിന്റെ വിഷയമല്ല നമ്മളെ രസിപ്പിക്കുന്നത്..!! വിഷയം പ്രോജ്ജ്വലവും പ്രസക്തവുമാണ്..!! മൂന്നാറിലെ തോട്ടം തൊഴിലാളികളായ പാവപ്പെട്ട സ്ത്രീകളാണ് സമരനായികമാര്‍…!! സംഭവം അവര്‍ വളരെ ഭംഗിയായി ചെയ്യുന്നുമുണ്ട്. കാലാകാലങ്ങളായി ഇടുക്കിയിലെ തേയിലത്തോട്ടം തൊഴിലാളികളുടെ ജീവിതം വളമാക്കി മുളച്ചു പൊന്തിയ കുറെ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ ചതി തിരിച്ചറിഞ്ഞ നോവാണ് സമരാഹ്വാനത്തിന്റെ കാതല്‍..!! പകലന്തിയോളം തോട്ടത്തില്‍ പണിയെടുക്കുന്ന പാവങ്ങളുടെ വിയര്‍പ്പ് വിറ്റ് മുതലാളിമാര്‍ക്ക് ഒത്താശ ചെയ്ത് അതിന്റെ പങ്കുപറ്റി തടിച്ചുകൊഴുത്ത നേതാക്കളുടെ രക്തത്തിലെ ചുവപ്പ് അധ്വാനിക്കുന്നവന്റെ രക്തത്തിലെ ചുവപ്പല്ല എന്ന തിരിച്ചറിവാണ് സമരത്തിന്റെ ഊര്‍ജ്ജം..!! കഴിഞ്ഞ കൊല്ലം പതിനെട്ടു ശതമാനം വാര്‍ഷിക ബോണസ് ലഭിച്ച തൊഴിലാളികള്‍ക്ക് ഇത്തവണ പത്തു ശതമാനം മാത്രമാക്കി ഒതുക്കി ടാറ്റാ മുതലാളിയുടെ തലോടല്‍ ഏറ്റുവാങ്ങിയ വഞ്ചകവര്ഗ്ഗത്തോടുള്ള പകയാണ് ഈ പ്രതിഷേധാഗ്നിയുടെ ചൂട്…!! മൂന്നാറിലെ നിത്യഹരിതവനങ്ങള്‍ നശിപ്പിച്ച് തേയില കൃഷി നടത്തിയ സായിപ്പ്, തോട്ടപ്പണിക്കായി തമിഴകത്തുനിന്നും എത്തിച്ച അടിമത്തൊഴിലാളികളുടെ പിന്മുറക്കാരെ ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയില്‍ ചൂഷണം ചെയ്യാന്‍ അധ്വാനിക്കുന്നവന്റെ പേര് പറഞ്ഞു ഊറ്റം കൊള്ളുന്നവര്‍ തന്നെ വന്നു എന്നത് ചരിത്രത്തിലെ മറ്റൊരു വൈരുദ്ധ്യം…!!
വെറും 230 രൂപ ദിവസക്കൂലിയ്ക്ക് ദിവസവും 21 കിലോ തേയിലക്കൊളുന്ത് കിള്ളി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ യത്നിക്കുന്ന പാവങ്ങളുടെ മടിശ്ശീലയില്‍ അവശേഷിച്ച ചില്ലറത്തുട്ടുകള്‍ തട്ടിപ്പറിച്ച് നവയുഗയജമാനന്മാര്ക്ക് കാഴ്ചവച്ചവര്‍ ഇന്നും തൊഴിലാളിനേതാക്കളുടെ കുപ്പായവും അതിന്മേല് കമ്പിളിയും ഇട്ടു നടക്കുന്നു…!! ഇവരെ സമരത്തീ കൊണ്ടല്ലാതെ എങ്ങനെ ചുടും..??!!
സമരരീതിയിലും ഹാസ്യം ഒട്ടുമില്ല…!! രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയുള്ള അനിശ്ചിതകാല നിരാഹാരമോ, കളക്ടറേറ്റ് വളയല്‍ തുടങ്ങിയ നാടന്‍ സമരകലാരൂപങ്ങളോ ഒന്നുമല്ല അവര്‍ പിന്തുടരുന്നത്..!! സമരം എന്ന് പറഞ്ഞാല്‍ ജീവിതസമരം തന്നെ..!! തങ്ങളുടെ ആവശ്യങ്ങള്‍ മാന്യമായ രീതിയില്‍ പരിഹരിക്കും വരെ ഇടുക്കിയില്‍ ഒരുവനും ഒരു പുല്ലും ചെയ്യാന്‍ സമ്മതിക്കില്ല എന്ന ധീരമായ പ്രഖ്യാപനം…!!! സമരത്തൊഴിലാളികളെ ഒഴിവാക്കി നിറുത്തിക്കൊണ്ടുള്ള ഒരു യഥാര്‍ത്ഥ തൊഴിലാളിസമരം..!!
പിന്നെ ഹാസ്യം എവിടെയാണ് എന്ന് ചോദിച്ചാല്‍, സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് മലകയറിവരുന്നവരുടെ കാര്യത്തിലാണ് മുടിഞ്ഞ ഹാസ്യം..!! ആദ്യത്തെ ഹാസ്യന്‍ സ്ഥലം എം.എല്‍.എ തന്നെയാണ്..!! ബോണസ് 10 ശതമാനമാക്കി എന്നറിഞ്ഞപ്പോള്‍ മുതല്‍ തോട്ടം തൊഴിലാളികള്‍ ഈ മാന്യദേഹത്തെ അന്വേഷിക്കുകയായിരുന്നു..!! പക്ഷെ കയ്യില്‍ ഒത്തുകിട്ടിയില്ല..!! ഒടുവില്‍ സമരം കൊടുമ്പിരി കൊണ്ട് നിന്നപ്പോള്‍ ഇദ്ദേഹം ചെന്നു; പിന്തുണ അറിയിക്കാന്‍…!! ചെരുപ്പും കയ്യില്‍ പിടിച്ച് ഓടിവന്ന സമരക്കാരിയെ പോലീസ് കൃത്യസമയത്ത് തടഞ്ഞില്ലായിരുന്നെങ്കില്‍ ഒരു സമരവടു ഇദ്ദേഹത്തിന്റെ മുതുകത്തോ മുഖത്തോ ഉണ്ടായേനെ..!! എന്തായാലും സ്ഥലത്ത് നിന്ന് ധീരമായി ഓടി രക്ഷപ്പെട്ട സഖാവ്, പക്ഷെ വിഷയം അങ്ങനെയൊന്നും വിട്ടുകളയില്ല എന്ന വാശിയിലാണ്..!! തൊഴിലാളികളുടെ കൈപ്പാടകലെ ഏതോ ഒരു കുന്നിന്ചെരുവില് സഖാവ് അനിശ്ചിതകാലനിരാഹാരം തുടങ്ങിയിരിക്കുകയാണ്..!! ഒരൊറ്റ ആവശ്യം മാത്രം; തന്നെ തല്ലാനോടിച്ചിട്ട തൊഴിലാളികള്‍ക്ക് ന്യായമായ വേതനവും ബോണസ്സും കൊടുക്കണം…!! എത്ര മനോഹരമായ ആചാരങ്ങള്‍..??!! എം.എല്‍.എയുടെഹൃദയ വിശാലതയറിഞ്ഞ തൊഴിലാളികള്‍ ഇനി സമരപ്പന്തലില്‍ ചെന്നു മാപ്പുപറയുമോ എന്ന് പേടിച്ചിട്ടാകണം, പന്തലിനു ചുറ്റും സഖാക്കള്‍ കാവല്‍ നില്‍പ്പുണ്ട്..!!
സി.പി.എമ്മിന്റെ പുരുഷസഖാവ് ചെന്ന് അടി മേടിച്ചു പോന്ന സ്ഥലത്ത് പക്ഷെ സി.പി.എമ്മിന്റെ വനിതാ സഖാവ് ചെന്ന് കയ്യടി വാങ്ങി..!! ബിജിമോളുടെ പ്രകടനം കണ്ട ആവേശത്തില്‍ മലകയറിയ മലബാര്‍ വനിതാശിങ്കമാണ് ഹാസ്യതാരം നമ്പര്‍ ടൂ..!! ജനാധിപത്യ മഹിളാ അസ്സോസ്സിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന ആവേശത്തോടെ സമരക്കാരുടെ ഇടയിലേയ്ക്ക് ചാടിക്കയറി സമരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ച വനിതാശിങ്കത്തെയും സഹശിങ്കിണികളെയും തൊഴിലാളികള്‍ ഭക്ത്യാദരപൂര്‍വ്വം എഴുന്നേല്‍പ്പിച്ച് കളത്തിനു പുറത്താക്കി..!! അപ്പോള്‍ വരുന്നു റിയല്‍ ഹാസ്യതാരം..!! മുന്‍ഗാമി ചിരിക്കാറില്ലായിരുന്നു എന്ന വിമര്‍ശനം കേട്ടിട്ടുള്ളത് കൊണ്ടാകാം, സഖാവ് ചിരിച്ചുകൊണ്ടേ നടക്കൂ..!! വന്നയുടനെ മൈക്ക് എടുത്ത് ഒരു ഒന്നൊന്നര ചോദ്യം, ‘നിങ്ങള്‍ക്ക് മൂന്നു സെന്റ് സ്ഥലം കിട്ടിയിട്ട് എന്തുകാര്യം..?? പത്തുസെന്റ് വീതം കിട്ടണം..!!’ വല്യ കയ്യടി പ്രതീക്ഷിച്ചെങ്കിലും തൊഴിലാളികള്‍ തെരുവ് സര്‍ക്കസ് കാണുന്ന നിസ്സംഗതയോടെ നിന്നു..!! ‘എല്ലാവരും കയ്യടിയ്ക്ക്’ എന്ന് സെക്രട്ടറിയുടെ ഒപ്പം നിന്ന വനിതാശിങ്കം ആഹ്വാനം ചെയ്തെങ്കിലും അടി മുറുകിയില്ല..!! പത്തുസെന്റ് വീതം ചോദിക്കണം എന്ന ആഹ്വാനം ചെയ്തത് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തില്‍ വരില്ല എന്ന് ഉറപ്പുള്ളത് കൊണ്ടായിരിക്കുമോ എന്നാണ് മറ്റു സഖാക്കളുടെ ഇപ്പോഴത്തെ സംശയം..!! എന്തായാലും ഹാസ്യം ഇവിടെയെങ്ങും നില്ക്കുന്ന മട്ടില്ല..!! തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ താനും ചുരം കയറും എന്ന ഭീഷണി പ്രതിപക്ഷനേതാവും പുറപ്പെടുവിച്ചുകഴിഞ്ഞു..!! പണ്ട് ആ തൃപ്പാദങ്ങള്‍ മൂന്നാര്‍ മലകളില്‍ പതിഞ്ഞതിന്റെ ആഘാതം ഇപ്പോഴും പാര്‍ട്ടിയ്ക്കും ഗ്രൂപ്പിനും ഉണ്ട്..!! ഇനിയിപ്പോള്‍ ഈ രണ്ടാംവരവില്‍ എന്തൊക്കെ ഹാസ്യമാണ് ഉണ്ടാകുക എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല..!!!
പിന്തുണക്കാരുടെ ആവേശം കണ്ടാല്‍ ആരാണ് ഈ സമരത്തിന്റെ ഉത്തരവാദി എന്ന് എല്ലാവര്ക്കും സംശയം തോന്നും..!! നാട്ടുകൂട്ടം ഓടിച്ചിടുമ്പോള് ‘കള്ളന് കള്ളന്’ എന്ന് പറഞ്ഞു മുന്നിലോടുന്ന കള്ളന്റെ ബുദ്ധിയാണ് മൂന്നാറിലെ തെരുവുകളില്‍ തൊഴിലാളിപാര്‍ട്ടി കാണിയ്ക്കുന്നത് എന്ന് പാര്‍ട്ടി അണികള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു..!! ഇതിനിടെ ടാറ്റാടീയുടെ കൈമടക്ക് വാങ്ങി തൊഴിലാളികളെ ഒറ്റുകൊടുത്ത നേതാക്കളുടെ ലിസ്റ്റും തൊഴിലാളികള്‍ പുറത്തു വിട്ടു..!! വായിച്ചു നോക്കുമ്പോള്‍ നിയമസഭാ ഫലം പോലെ; ഇരുകൂട്ടരും ഇഞ്ചോടിഞ്ച് പോരാട്ടം..!! കേരളത്തില്‍ വേര് പിടിക്കാഞ്ഞത് കൊണ്ടാകും ബി.ജെ.പിക്കാരുടെ പേരൊന്നും പുറത്തു കേട്ടില്ല..!! നിയമസഭാംഗ ലിസ്റ്റില്‍ ആദ്യം എത്തട്ടെ; എന്നിട്ടാകാം മറ്റു ലിസ്റ്റുകളില്‍ എന്ന് തീരുമാനിച്ചിട്ടുണ്ടാകും..!! എന്തായാലും വലിയൊരു സമരചരിത്രത്തിന്റെ കഥയായിരിക്കും ഇടുക്കിമലമടക്കുകളില് നിന്ന് നാളെ ഒഴുകി വരിക എന്നുറപ്പ്..!! അതില്‍ എന്തൊക്കെ ഒലിച്ചു പോവും, എന്തൊക്കെ നിലനില്ക്കും എന്ന് കാലം പറയും..!! അതിനു മുന്‍പേ എം.എല്‍.യുടെ നിരാഹാരത്തിന് അറുതിയുണ്ടായാല്‍ ഭാഗ്യം..!!
Discussion about this post