ഡൽഹി: വാക്സിനെടുത്തവർ മരിച്ചുവെന്ന പ്രചാരണം അസംബന്ധവും അശാസ്ത്രീയവുമാണെന്ന് കേന്ദ്ര സർക്കാർ. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് ആരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് വാക്സിൻ സ്വീകരിച്ച 19 ആരോഗ്യ പ്രവർത്തകർ മരിച്ചതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ ഉൾപ്പെടെ പ്രചരിപ്പിച്ചിരുന്നു. ഇത് തികച്ചും അടിസ്ഥാന രഹിതമായ പ്രചാരണമാണെന്നും കൊവിഡ് വാക്സിൻ സ്വീകരിച്ചത് കാരണമാണ് മരണം സംഭവിച്ചതെന്ന് ഒരു തരത്തിലും തെളിവില്ലെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
വാക്സിൻ സ്വീകരിച്ച ശേഷം സ്വീകർത്താക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ നിലവിലുണ്ട്. ഇത്തരം സംവിധാനങ്ങൾ രാജ്യത്ത് കൃത്യമായി ഉപയോഗിച്ച് വരുന്നുണ്ട്. ആരോഗ്യ പ്രവർത്തകർ മരിച്ചത് മറ്റ് കാരണങ്ങളാലാവാമെന്നും അതിന് വാക്സിനുമായി ബന്ധമുണ്ടാകാൻ യാതൊരു സാധ്യതയും കാണുന്നില്ലെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ വിശദീകരിച്ചു.
Discussion about this post