മുംബൈ: ഹിന്ദിയിലും ഇംഗ്ലീഷിലും ഏറ്റവുമധികം പ്രേക്ഷകരുള്ള വാർത്താ ചാനലായ റിപ്പബ്ലിക് ടിവിയുടെ ബംഗാളി വാർത്താ ചാനൽ റിപ്പബ്ലിക് ബംഗ്ലാ ഇന്ന് മുതൽ സംപ്രേക്ഷണം ആരംഭിക്കും. ബംഗാളില്‍ ചാനല്‍ തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്ക് വ്യക്തമാക്കി.
ഇന്ന് രാവിലെ എട്ടുമുതലാണ് ചാനൽ സംപ്രേക്ഷണം ആരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നയിക്കുന്ന സംവാദ പരിപാടിയോടെയായിരിക്കും റിപ്പബ്ലിക് ബംഗ്ലാ സംപ്രേക്ഷണം ആരംഭിക്കുക. റിപ്പബ്ലിക് ബംഗ്ലയിൽ ‘ജബാബ് ചെയ് ബംഗ്ല’ എന്ന സംവാദ പരിപാടിയുടെ അവതാരകനായി അർണബ് ഉണ്ടാകും.
ബംഗാളിലാണ് താൻ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തകനായി 25 പൂര്‍ത്തിയാക്കുമ്പോൾ തനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷവും നന്ദിയുമുണ്ടെന്ന് അർണബ് വ്യക്തമാക്കി.
ദേശീയത മുഖമുദ്രയാക്കിയതിന്റെ പേരിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്തും രാജ്യത്തെ മുൻനിര വാർത്താ ചാനൽ ശൃംഖലയായി റിപ്പബ്ലിക് ടിവി തുടരുകയാണ്. മലയാളം ഉൾപ്പെടെയുള്ള മറ്റ് പ്രാദേശിക ഭാഷകളിലും വാർത്താ ചാനൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്ക്.
Discussion about this post