ലഖ്നൗ : ഹൈവേയിൽ വെച്ച് തോക്ക് ചൂണ്ടി റീൽസ് ചിത്രീകരിച്ച യുവതിക്കെതിരെ നടപടിയെടുത്ത് പോലീസ്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ ആണ് സംഭവം നടന്നത്. ആളുകൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഹൈവേയിൽ വെച്ച് ഇത്തരം ഒരു പ്രവൃത്തി നടത്തിയത് ഗൗരവതരമാണെന്ന് ഉത്തർപ്രദേശ് പോലീസ് വ്യക്തമാക്കി. യൂട്യൂബറായ യുവതിക്കെതിരെ ഉടൻതന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ലഖ്‌നൗ ഹൈവേയിൽ വച്ചാണ് ഉത്തർപ്രദേശിലെ പ്രശസ്ത യൂട്യൂബർ ആയ സിമ്രാൻ യാദവ് കയ്യിൽ തോക്കുമേന്തി കൊണ്ട് റീൽസ് ചിത്രീകരിച്ചിരുന്നത്. ഒരു ഭോജ്പുരി ഗാനത്തിന് നൃത്തം വയ്ക്കുന്ന വീഡിയോ ആയിരുന്നു സിമ്രാൻ ലഖ്നൗ ഹൈവേയിൽ വെച്ച് ചിത്രീകരിച്ചത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ചില അഭിഭാഷകരാണ് ഇതിനെതിരായി ആദ്യം രംഗത്ത് എത്തിയത്.
നിരവധി ആളുകൾ സഞ്ചരിക്കുന്ന ഹൈവേയിൽ തോക്കുമായി പ്രകടനം നടത്തിയ സിമ്രാൻ ചെയ്തത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന പ്രവൃത്തിയാണെന്ന് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നു. വീഡിയോ വൈറലായതോടെ ഈ വിഷയത്തിൽ ഉടൻ തന്നെ അന്വേഷണം നടത്തുമെന്നും നടപടി സ്വീകരിക്കുമെന്നും ലഖ്‌നൗ പോലീസ് അറിയിക്കുകയായിരുന്നു.
Discussion about this post