ശ്രീനഗർ : മകളെ മർദ്ദിച്ചത് സഹിക്കാനാകാതെ മരുമകനെ ഭാര്യ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. കശ്മീരിലെ റീസി ജില്ലയിലാണ് സംഭവം നടന്നത്. കെംബാൽ ഡാങ്ക ഗ്രാമത്തിലെ ഗ്രാമപ്രതിരോധസേന ഗാർഡ് അംഗമായ ദൗലത്ത് റാം എന്നയാളാണ് മരുമകനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
303 റൈഫിളിൽ നിന്നുള്ള വെടിയേറ്റ ദൗലത്ത് റാമിന്റെ മരുമകൻ അമിത് സിംഗ് തൽക്ഷണം തന്നെ മരിച്ചു. അമിത് സിംഗ് ഭാര്യയുമായി ഏറെക്കാലമായി കലഹത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ദമ്പതികളുടെ കുടുംബ കലഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു ദൗലത്ത് റാം ശനിയാഴ്ച ഇവരുടെ വീട്ടിൽ എത്തിയിരുന്നത്.
ഭാര്യാപിതാവിന്റെ മുൻപിൽ വച്ചും അമിത് സിംഗും ഭാര്യയുമായി വാക്ക് തർക്കം ഉണ്ടാവുകയും ഇയാൾ ഭാര്യയെ മർദ്ദിക്കുകയും ചെയ്തു. മകളെ മർദ്ദിക്കുന്നത് കണ്ട് കോപാകുലനായ ദൗലത്ത് റാം തോക്കെടുത്ത് അമിതിനെ വെടി വയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പോലീസ് ദൗലത്ത് റാമിനെ അറസ്റ്റ് ചെയ്തു.








