തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സത്യപ്രതിജ്ഞ ചടങ്ങിന് കൊവിഡ് മാനദണ്ഡങ്ങളിൽ എങ്ങനെ ഇളവു വരുത്താൻ സാധിക്കുമെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എണ്ണൂറുപേർ എങ്ങനെ പങ്കെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. ‘അമ്മാവന് അടുപ്പിലുമാവാമോ‘ എന്ന് അദ്ദേഹം പരിഹസിച്ചു. ഭൂരിപക്ഷം കിട്ടിയതുകൊണ്ട് നിയമം ലംഘിക്കാമെന്ന് കരുതരുത്. സത്യപ്രതിജ്ഞ ചെറുതാക്കണം, ഓൺലൈൻ ചടങ്ങാക്കണം. സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ആദരണീയനായ ഗവർണ്ണർ മുഖ്യമന്ത്രിയെ ഇക്കാര്യത്തിൽ ഉപദേശിക്കണമെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: കോവിഡ് മഹാമാരി നിയന്ത്രണാതീതമായി പിടിമുറുക്കുന്ന ഈ കാലത്ത് മുഖ്യമന്ത്രി എന്ന നിലയിൽ താങ്കൾ വൈകുന്നേരങ്ങളിൽ പ്രജകളെ ഉപദേശിക്കുന്നതും പിന്നീട് ഉത്തരവായി വരുന്നതുമായ നിയന്ത്രണങ്ങൾ പാലിക്കാൻ താങ്കൾക്കും ഉത്തരവാദിത്തമുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ, മറ്റ് പൊതു ചടങ്ങുകൾ, യോഗങ്ങൾ, കൂടിച്ചേരലുകൾ, മാളുകൾ, ആരാധനാലയങ്ങൾ… അങ്ങനെ എല്ലാറ്റിലും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
പിന്ന എങ്ങനെ സത്യപ്രതിജ്ഞ ചടങ്ങിന് ഇക്കാര്യത്തിൽ ഇളവു വരുത്താൻ സാധിക്കും. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എണ്ണൂറുപേർ എങ്ങനെ പങ്കെടുക്കും? അങ്ങ് കോവിഡ് പോസിറ്റീവായിരിക്കെ റോഡ് ഷോ നടത്തി, പോസിറ്റീവായ ഭാര്യയോടൊപ്പം കൊച്ചു കുഞ്ഞടക്കം യാത്ര ചെയ്തു, വീട്ടിൽ വിജയാഘോഷത്തിന് മാസ്കു പോലും ധരിക്കാതെ ഒത്തുകൂടി… ഇങ്ങനെ എത്രയെത്ര പ്രോട്ടോക്കോൾ ലംഘനങ്ങളാണ് താങ്കൾ സ്വയം നടത്തിയത്.
യഥാരാജാ തഥാ പ്രജാ എന്നതാണ് നമ്മുടെ നാടിന്റെ പൊതു രീതി. അമ്മാവിന് അടുപ്പിലുമാവാമോ എന്ന് പച്ചമലയാളം. ഭൂരിപക്ഷം കിട്ടിയതുകൊണ്ട് നിയമം ലംഘിക്കാമെന്ന് കരുതരുത്. സത്യപ്രതിജ്ഞ ചെറുതാക്കണം, ഓൺലൈൻ ചടങ്ങാക്കണം. സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ആദരണീയനായ ഗവർണ്ണർ മുഖ്യമന്ത്രിയെ ഇക്കാര്യത്തിൽ ഉപദേശിക്കണം.
https://www.facebook.com/KSurendranOfficial/posts/4028881110529828
Discussion about this post