കൊച്ചി: കോതമംഗലം കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്ത് പശുക്കളുടെ മേല്‍ സാമൂഹികവിരുദ്ധർ ആസിഡ് ഒഴിച്ചു. കവളങ്ങാട് പഞ്ചായത്ത് ചുള്ളിക്കണ്ടത്ത് കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറയ്ക്കൽ ഷൈജി തങ്കപ്പൻ തുടങ്ങിയവരുടെ നാലു പശുക്കൾക്കാണ് പൊള്ളലേറ്റത്. ഒരു വര്‍ഷത്തിലേറെയായി പ്രദേശത്ത് നിരവധി പശുക്കള്‍ക്കു നേരെ ഇത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് നാലു പശുക്കളെ ആസിഡ് വീണ് ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ആസിഡ് വീണ് തൊലി പൊള്ളി പൊളിഞ്ഞ നിലയിലാണ്. വനമേഖലയോടു ചേർന്നു രാവിലെ പശുക്കളെ മേയാൻ വിട്ടിരുന്നു. തുടർന്ന് ഉച്ചയ്ക്കു ശേഷം പശുക്കളെ തിരികെ വീട്ടിലേക്കു കൊണ്ടുവരാൻ പോയപ്പോഴാണ് പശുക്കൾക്കു പൊള്ളലേറ്റതായി ശ്രദ്ധയിൽപ്പെടുന്നത്.
പശുക്കളുടെ ഉടമകൾ ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. നേരത്തെ പശുക്കൾക്കു മേൽ ആസിഡ് ഒഴിച്ച സംഭവത്തിൽ പൊള്ളലേറ്റ പശുക്കൾ ചത്ത സംഭവവും ഉണ്ടായിട്ടുണ്ടെന്നു പറയുന്നു. എന്നാൽ ഇപ്പോഴാണ് ഉടമകൾ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.
Discussion about this post