ദിനംപ്രതി ഉയരുകയാണ് സ്വർണ്ണവില. ഈ സാഹചര്യത്തിൽ 22 കാരറ്റ് സ്വർണ്ണാഭരണങ്ങളേക്കാൾ സാധാരണക്കാർക്ക് 18 കാരറ്റ് സ്വർണ്ണാഭരണങ്ങളോട് പ്രിയമേറുകയാണ്.താരതമ്യേന മികച്ച വിലക്കുറവുള്ള 18 കാരറ്റില്‍ തീര്‍ത്ത സ്വര്‍ണാഭരണങ്ങള്‍ക്ക് കേരളത്തില്‍ പ്രിയമേറുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. കൗമാരക്കാരും യുവാക്കളും 18 കാരറ്റില്‍ നിര്‍മ്മിച്ച സ്വര്‍ണാഭരണങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ടെന്നും ഡിമാന്‍ഡ് കൂടുകയാണെന്നും ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
22 കാരറ്റ് സ്വര്‍ണാഭരണങ്ങളും 18 കാരറ്റ് സ്വര്‍ണാഭരണങ്ങളും തമ്മില്‍ ആയിരത്തിലധികം രൂപയുടെ വിലവ്യത്യാസമാണ് ഗ്രാമിനുള്ളത്. ഒരു പവന്‍ വാങ്ങുമ്പോള്‍ എണ്ണായിരത്തിലധികം രൂപ കുറവ് നല്‍കിയാല്‍ മതിയെന്നതും 18 കാരറ്റ് സ്വര്‍ണാഭരണത്തിലേക്ക് കൂടുതല്‍പേര്‍ ആകൃഷ്ടരാകാന്‍ കാരണമായി.
ഇന്നത്തെ വില വച്ച് നോക്കുമ്പോൾ 18 കാരറ്റിന് ഗ്രാമിന് 5,525 രൂപയും പവന് 44,200 രൂപയുമാണ്. 22 കാരറ്റ് സ്വർണ വില കണക്കാക്കുമ്പോൾ 8,800 രൂപയുടെ ലാഭമാണ് 18 കാരറ്റിലുള്ള ഒരു പവൻ സ്വർണം വാങ്ങുന്നവർക്ക് ലഭിക്കുന്നത്
22 കാരറ്റ് എന്നാൽ 91.6 ആണെങ്കിൽ 18 കാരറ്റ് 75.0 ശുദ്ധത ഉള്ളതാണ്. അതായത് 18 കാരറ്റ് സ്വർണത്തിൽ 75 ശതമാനമായിരിക്കും ശുദ്ധമായ സ്വർണത്തിന്റെ സാന്നിധ്യം. ബാക്കി 25 ശതമാനം ചെമ്പ്, വെള്ളി മുതലായ ലോഹങ്ങളാണ്. 22 കാരറ്റിലെന്ന പോലെ 18 കാരറ്റിനും അതിലടങ്ങിയിരിക്കുന്ന സ്വർണത്തിന് ആനുപാതികമായ വില വിൽക്കുമ്പോൾ ലഭിക്കും. 18 കാരറ്റ് ആഭരണങ്ങൾക്ക് പ്രചാരം കൂടുന്നതോടെ അവ പണയമായി സ്വീകരിക്കുന്നതിനും തടസമുണ്ടാകില്ല.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങള്‍ നിര്‍മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള ആഗ്രഹംമൂലം 18 കാരറ്റ് ആഭരണങ്ങള്‍ വലിയതോതില്‍ വിപണിയില്‍ ലഭ്യമാകുന്നുണ്ട്.
Discussion about this post