ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിൽ തുടര്‍ച്ചയായ എട്ടാം ദിവസവും പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി. പെഗാസസ് വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ സംയുക്ത അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായത്. ലോക്സഭയില്‍ പ്രതിപക്ഷം രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.
ബഹളത്തിനിടയിലും സഭാ നടപടികളുമായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല മുന്നോട്ടുപോയി. ശൂന്യവേളയിലേക്ക് കടന്നതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പേപ്പറുകള്‍ കീറിയെറിഞ്ഞത്. ട്രഷറി ബെഞ്ചുകളിലേക്കും പ്രസ്സ് ഗ്യാലറിയിലേക്കും പേപ്പറുകള്‍ വലിച്ചെറിഞ്ഞു. രാജ്യസഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുക്കളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ രാജ്യസഭയും ലോക്സഭയും ബുധനാഴ്ച ഉച്ചവരെ നിര്‍ത്തിവെച്ചു.
ബുധനാഴ്ച സഭ ചേരുന്നതിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. തൃണമൂല്‍ ഒഴികെയുള്ള 14 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. പല വിഷയങ്ങളിലും അടിയന്തര പ്രമേയം നല്‍കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെഗാസസ് വിഷയത്തില്‍ മാത്രമാണ് ബുധനാഴ്ച പ്രതിപക്ഷം ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
Discussion about this post