ഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന കോണ്‍ഗ്രസിനെതിരെ ആരോപണവുമായി കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. അധികാരത്തിലിരുന്ന കാലത്ത് ചാരപ്പണിയുടെ കാര്യത്തില്‍ ജെയിംസ് ബോണ്ടായിരുന്നു കോണ്‍ഗ്രസെന്നും, ഇപ്പോള്‍ കെട്ടിച്ചമച്ച കാര്യങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിന്റെ സമയം കളയുകയാണെന്നും മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
”ആരോപണങ്ങള്‍ ഉന്നയിച്ച് തടിതപ്പുന്ന നയമാണ് കോണ്‍ഗ്രസും അവരോടൊപ്പമുള്ള പ്രതിപക്ഷ പാര്‍ട്ടികളും സ്വീകരിക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയാറാണ്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ അവസാനിച്ച് ഇരുസഭകളും സുഗമമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു”- അദ്ദേഹം പറഞ്ഞു.
”പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണത്തില്‍ ഐ.ടി മന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കിയിരുന്നു. മറുപടിയില്‍ കാര്യങ്ങള്‍ വ്യക്തമാകുമായിരുന്നു. എന്നാല്‍, വ്യക്തത വരുത്തുന്നതിന് പകരം ബഹളമുണ്ടാക്കുകയും അക്രമാസക്തരാകുകയുമാണ് പ്രതിപക്ഷം ചെയ്തത്. പ്രതിപക്ഷത്തിന്റെ സ്വയംപ്രഖ്യാപിത നേതാവാകാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. നല്ലരീതിയില്‍ ചിന്തിക്കുന്ന പ്രതിപക്ഷ കക്ഷികളെ പോലും അവര്‍ ഹൈജാക്ക് ചെയ്യുകയാണ്” -മന്ത്രി പറഞ്ഞു.
പെഗസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ, ചര്‍ച്ച ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
Discussion about this post