പെന്‍ഡ്രൈവ്-നന്ദികേശന്
കേരളത്തിലെ ബി.ജെ.പി ടീം ഒടുവില്‍ ഒരുകാര്യം സമ്മതിക്കുന്നു..! ഒന്നിലധികം ടീമുകളോട് ഒരേ മത്സരിച്ചും കളിച്ചും നില്ക്കാന് തങ്ങള്‍ക്ക് സാധിച്ചേക്കാം എങ്കിലും ഗോളടിയ്ക്കാനുള്ള കളിക്കാരന് ഏതെങ്കിലും പുറംക്ലബ്ബില് നിന്നു തന്നെ വരണം..പ്രാദേശിക താരങ്ങള്‍ പന്തടക്കത്തിലും എതിരാളികളെ വെട്ടിച്ചു മുന്നേറുന്നതിലുമൊക്കെ മിടുക്കന്മാര് എങ്കിലും എതിരാളിയുടെ ഗോള്‍പോസ്റ്റിലേയ്ക്ക് ഉന്നം തെറ്റാതെ പന്തടിച്ച് കപ്പു നേടാന്‍ ഒരാളെ വെളിയില്‍ നിന്നും എടുക്കണം.. എന്നാലേ ഇത്തവണത്തെ കേരളാ ഇലക്ഷന് ലീഗ് മത്സരത്തില്‍ എന്തെങ്കിലും ഒക്കെ കാണിയ്ക്കാന്‍ പറ്റൂ…അതിനുള്ള ടീമിനെയും താരത്തെയും കണ്ടെത്തിക്കഴിഞ്ഞു..!! റയല്‍ എസ്.എന്‍.ഡി.പി യുടെ താരം വെള്ളാപ്പള്ളി നടേശന് ആയിരിക്കും ഇത്തവണ കേരളഘടകം ടീമിന്റെ മാര്‍ക്വീ താരം..
രാഷ്ട്രീയത്തെ പലപ്പോഴും ഉപമിക്കാന്‍ പറ്റുന്നത് ഫുട്ബാള്‍ കളിയോടാണ്. കാരണം വെട്ടിച്ച് പോക്കും പിന്നില്‍ നിന്നും വലിച്ചിടലും ഒക്കെ ഒരുപോലെ ഇരുമേഖലയിലും കാണാം..തന്ത്രം എന്തുതന്നെയായാലും അന്തിമവിജയം പരമാവധി ലക്ഷ്യം കാണുന്നവനൊപ്പം എന്ന നിയമവും ഇരുവശത്തും ഒരുപോലെ..
പൊതുവെ തങ്ങളുടെ നിലനില്‍പ്പിനും ശക്തി വര്‍ദ്ധനവിനുമായി സാമുദായിക സംഘടനകള്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷികളുടെ അടുത്തേയ്ക്ക് ചെന്ന് ധാരണ ഉണ്ടാക്കുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്.. അതിന്റെ ഭാഗമായി പിന്നീട് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആ കക്ഷിയുടെ നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാണിച്ച് സമുദായനേതാവിന്റെ പത്രസമ്മേളനമോ കവലപ്രസംഗമോ ഒക്കെ ഉണ്ടാകുകയും ചെയ്യും. ഇവിടെ പക്ഷെ കളി നേരെ തിരിച്ചായിപ്പോയി..സഖ്യം ആവാമോ എന്നന്വേഷിച്ച് ചെന്ന സമുദായ ടീമിന്റെ നേതാവിനെ നേരെ പിടിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് ദേശീയ ടീം സമുദായനേതാവിനെയും നാട്ടുകാരെയും ഒരുമിച്ച് ഞെട്ടിച്ചത്.! ദേശീയ ടീമിന് പിന്നെ ഇതൊന്നും പുത്തരിയല്ല..!! നാളുകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് ലീഗ് മത്സരത്തില്‍ ഡല്‍ഹി ടീമിന്റെ ക്യാപ്റ്റനാക്കിയത് തലേ ദിവസം വരെ എതിര്‍ടീമില്‍ ഇരുന്ന് തങ്ങള്‍ക്ക് നേരെ ഖാണ്ടം ഖാണ്ടം ഗോളടിച്ചു കൊണ്ടിരുന്ന കിരണ്‍ ബേദി എന്ന മാര്‍ക്വീ താരത്തെയായിരുന്നു. കളി കഴിഞ്ഞപ്പോള്‍ പൂര്‍വാധികം ശക്തമായിത്തന്നെ തോറ്റു എന്നത് ചരിത്രം..
കേരളത്തിലും ടീമിന്റെ ശക്തി ചില്ലറയല്ല. പണ്ട് നാട്ടില്‍ നടന്ന ഒരു വടംവലി മത്സരത്തില്‍ സ്വന്തം സംഘത്തെ ഇറക്കാന്‍ തീരുമാനിച്ച ഒരു നാടുവാഴി അതിനുവേണ്ടി മല്ലന്മാരെ കണ്ടെത്തി പരിശീലിപ്പിച്ച് ഒടുവില്‍ കളിയുടെ തലേദിവസം ‘നമ്മുടെ സംഘത്തിന്റെ ബലം എങ്ങനെയാ രാമാ..?എന്ന് ചോദിച്ചപ്പോള്‍.. ‘കേമാണ് തമ്പ്രാ..!! എല്ലാവരും മിടുക്കരന്നെ..ഒപ്പം ഞാനും അപ്പുണ്ണിക്കുറുപ്പും കൂടി മനസ്സറിഞ്ഞ് ഒന്ന് പിടിച്ചാല്‍ കഷ്ടിച്ച് അങ്ങോട്ട് തോല്‍ക്കാം.’ എന്ന നേതാവിന്റെ മറുപടി പോലെയാണ് കേരള ടീമിന്റെ ശക്തി.. ദിനം പ്രതി നാനൂറും അഞ്ഞൂറും അറുന്നൂറും പേര് വീതം വിവിധ ടീമുകളില്‍ നിന്ന് നമ്മുടെ ടീമിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തയൊക്കെ വായിച്ച് വിജ്രുംഭിതരായ അണികള്‍ ഇപ്പോള്‍ ഈ കണക്കൊക്കെ എങ്ങനെ ഒക്കും എന്ന ചിന്തയിലാണ്.. ഇനിയിപ്പോള്‍ ഇതില്‍ക്കൂടുതലായി ഈ നാട്ടില്‍ ഞങ്ങളെക്കൊണ്ട് ഒന്നും പറ്റില്ല എന്ന് ഇതുപോലെ ആത്മാര്‍ത്ഥമായി തുറന്നു പറയുന്ന വേറെ ഏതൊരു പ്രസ്ഥാനമുണ്ട് ഇന്നാട്ടില്..? സത്യസന്ധതയ്ക്കൊന്നും ഒരു വിലയുമില്ലേ ഇവിടെ..?
പുതിയ സഖ്യടീമിന്റെ പിറവിയില്‍ എതിര് ക്യാപ്റ്റന്മാര്ക്കുള്ള ആവലാതിയും ചില്ലറയല്ല.. ബി.ജെ.പി ടീം ഗോളടിച്ചേക്കും എന്ന് തോന്നിപ്പിച്ച അവസ്ഥകളിലെല്ലാം പന്ത് തട്ടിയെടുത്ത് സ്വന്തം പോസ്റ്റിലേയ്ക്ക് അടിച്ചു കയറ്റി മറ്റേ ടീമിനെ വിജയിപ്പിച്ച് ബി.ജെ.പിയെ തോല്‍പ്പിക്കുന്ന കേരളത്തിലെ രണ്ടു ടീമുകളും ഈ പുതിയ കൂട്ടുകെട്ടില്‍ പേടിച്ചിട്ടുണ്ട്..! ഗുരുദേവദര്‍ശനവും സംഘ നിലപാടുകളും തമ്മില്‍ ചേരുമോ എന്നാണു കോണ്‍ഗ്രസ് ടീം ക്യാപ്റ്റന്‍ സുധീരന്റെ ചോദ്യം.. ഒന്നൊന്നര ചോദ്യം തന്നെ.. അദ്ദേഹത്തിന്റെ ടീം അങ്ങനെ നാളും പക്കവും പൊരുത്തവും ഒക്കെ ചേര്‍ന്നാല്‍ മാത്രമേ മറ്റു ടീമുകളുമായി കൂട്ടുകൂടാറുള്ളൂ…മുന്‍ ദേശീയ ടീം ക്യാപ്റ്റന്‍ ജവഹര്‍ലാല്‍ നെഹ്റു ‘ചത്ത കുതിര’ എന്ന് വിശേഷിപ്പിച്ച് ഉപേക്ഷിച്ച മുസ്ലിം ലീഗ് എന്ന മലബാര്‍ ലീഗ് ടീമിനെ പുനരുജ്ജീവിപ്പിച്ച് സ്വന്തം ടീമിന്റെ മിഡ് ഫീല്‍ഡും സ്ട്രൈക്കിംഗ് പൊസിഷനും തുറന്നു കൊടുത്തത് ഏതു നിലപാട് ചേര്‍ച്ചയുടെ പേരിലാണ് എന്ന് ഇദ്ദേഹത്തോട് ചോദിക്കരുത്.. ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നവര്‍ക്ക് ആ ടീമില്‍ വല്യ റോളില്ല.
ലെഫ്റ്റ് വിംഗ് ടീമിനും ഉണ്ട് അവരവരുടെതായ കണ്ഫ്യൂഷന്.. എസ്.എന്‍.ഡി.പി യുടെ ഉത്ഭവം തന്നെ ജാതിയ്ക്കെതിരായ പോരാട്ടത്തിലൂടെയാണ് എന്നും അതുകൊണ്ട് അവര്‍ സംഘ് പരിവാര്‍ ടീമുമായി ഒത്തുകളിയ്ക്കുന്നത് ഉത്ഭവത്തിന്റെ നിഷേധം ആണ് എന്നുമൊക്കെ ടീം സ്ട്രൈക്കര്‍ കോടിയേരി ബാലകൃഷ്ണന് ഭയക്കുന്നുണ്ട്. സി.പി.എമ്മിന്റെ ഉത്ഭവം സി.പി.ഐ എന്ന മാതൃസംഘടനയില്‍ നിന്നും തമ്മിലടിച്ചാണ് എന്ന വസ്തുത സഖാവ് മറന്നതല്ല. സി.പി.ഐ വര്‍ഷാവര്‍ഷം ആചരിക്കുന്ന രക്തസാക്ഷി ദിനങ്ങളില്‍ ഭൂരിഭാഗവും സംഭാവന നല്‍കിയത് തങ്ങളുടെ ടീമാണ് എന്നും, ആ സി.പി.ഐ ഇപ്പോള്‍ എല്‍.ഡി.എഫ് ടീമില്‍ സഖാവിന്റെ മുഖ്യ പാര്‍ട്ടണര്‍ ആണ് എന്ന സത്യവും സഖാവിനു അറിയാം. ആശയവ്യത്യാസത്തിന്റെ പേരില്‍ തെറ്റിപ്പിരിഞ്ഞു പോന്ന സംഘടനയുമായി എങ്ങനെ സഖ്യമുണ്ടാക്കും എന്ന ചോദ്യം സഖാവിനോടും ചോദിക്കരുത്.. ‘കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടും’ എന്ന ടീം സ്ഥാപകന്റെ ന്യായം എടുത്ത് ഇട്ടു തരും.. ഇതിലിപ്പോള്‍ ചെകുത്താന് ആരാ എന്ന ചോദ്യവും മനസ്സില്‍ത്തന്നെ വെച്ചാല്‍ മതി…!! ഈ വക ന്യായങ്ങളൊക്കെ ലെഫ്റ്റ് റൈറ്റ് ടീമുകള്‍ക്ക് മാത്രം ബാധകമാണ്..!!
എന്തായാലും പുതിയ ടീമിന്റെ പിറവിയോടെ അടുത്ത ഏപ്രിലിലെ കേരള ലീഗും അതിനു മുന്‍പുള്ള തദ്ദേശഭരണലീഗ് പോരാട്ടങ്ങളും പൊടിപാറും എന്ന് ഉറപ്പാണ്..!! പുതിയ ടീമുകളും താരങ്ങളും ഒക്കെ കളം നിറഞ്ഞു കളിയ്ക്കട്ടെ..!! ഏതു പക്ഷം പിടിയ്ക്കണം, ആര്‍ക്ക് വോട്ടു ചെയ്യണം, വോട്ടെടുപ്പ് ദിവസം എങ്ങോട്ട് യാത്രപോകണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് തന്നെ…!!!
Discussion about this post