ബീജിങ്: യുദ്ധമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്ന പ്രകോപനവുമായി ചൈനീസ് മാധ്യമം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ആണ് ഇങ്ങിനെ അവകാശപ്പെട്ടത്. അതിര്‍ത്തി വിഷയത്തില്‍ സൈനികതല ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം ചൈനയാണെന്ന ഇന്ത്യയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം.
പതിമൂന്നാംവട്ട സൈനികതല ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളൊന്നും ചൈന അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല, ചര്‍ച്ച പരാജയപ്പെടാന്‍ ചൈനയാണ് കാരണമെന്ന് ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു.
ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം യുക്തിരഹിതവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം ചൈന വിശദീകരിച്ചത്. ചര്‍ച്ചകളില്‍ സമവായമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നവയായിരുന്നു ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം. അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ ചൈന അക്ഷീണം പ്രയത്നിക്കുന്നുണ്ടെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.
അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ സമാധാനപരമാണ്. ഗാല്‍വാന്‍വാലി സംഘര്‍ഷത്തിന് ശേഷം രക്തച്ചൊരിച്ചില്‍ ഉണ്ടായിട്ടില്ല. നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും സമാധാനം സ്ഥാപിക്കാനും അങ്ങനെ തുടരാനും തന്നെയാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ അനുനയ ചര്‍ച്ചകള്‍ മുന്നോട്ടുപോവുന്നില്ല. ഇന്ത്യ യുക്തിയില്ലാത്ത ആവശ്യങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും മാധ്യമം പറയുന്നു.
ചര്‍ച്ചകളിലെ ഇന്ത്യയുടെ സമീപനം അവസരവാദപരമാണെന്നും ചൈന-യുഎസ് ബന്ധത്തിലെ തകര്‍ച്ചയെ തന്ത്രപരമായി ഉപയോഗിക്കാനുള്ള അവസരമായി ഇന്ത്യ ഇതിനെ കാണുന്നെന്നുമാണ് മാധ്യമം ആരോപിക്കുന്നത്. ചൈനയ്ക്കെതിരേ അമേരിക്കയുമായി സഖ്യമുണ്ടാക്കുന്നത് തടയുന്നതിനായി അതിര്‍ത്തി പ്രശ്നങ്ങളില്‍ ചൈന നിലപാട് മയപ്പെടുത്തി തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ അവസരവാദ മനോഭാവം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ വില കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.
‘ചൈനയും ഇന്ത്യയും തമ്മിലുള്ള നിലവിലെ സാഹചര്യത്തെ തെറ്റായി വ്യാഖ്യാനിച്ച് സൈനിക നടപടികളിലേക്ക് നീങ്ങിയാല്‍ അത് ഇന്ത്യയെ കൂടുതല്‍ നഷ്ടത്തിലേക്ക് നയിക്കും. സമവായമില്ലാതെ വളരെക്കാലം അതിര്‍ത്തിയിലെ സംഘര്‍ഷം നിലനിര്‍ത്താന്‍ പര്യാപ്തമായ വലിയ ശക്തികളാണ് ഇന്ത്യയും ചൈനയുമെന്ന് ലോകത്തിനറിയാം. ഇത്തരത്തിലുള്ള നീക്കം ഖേദകരമാണ്. എന്നിരുന്നാലും ഇന്ത്യ അതിന് മുതിര്‍ന്നാല്‍ ചൈനയ്ക്കും മറ്റൊരു തീരുമാനമുണ്ടാവില്ല. ഏത് രാഷ്ട്രീയ കുതന്ത്രവും സമ്മര്‍ദ്ദവും ചൈന നേരിടും, ഒരു യുദ്ധം തുടങ്ങിയാല്‍ ഇന്ത്യ തീര്‍ച്ചയായും തോല്‍ക്കും’- ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിര്‍ത്തിയിലെ സമാധാനവും സുസ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് സൈന്യത്തിലെ സീനിയര്‍ കേണല്‍ ലോങ് ഷവോഹുവ സൈനികതല ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനു പിന്നാലെ പ്രതികരിച്ചിരുന്നു.
Discussion about this post