ന്യൂഡൽഹി : ഇന്ത്യയുടെ തദ്ദേശീയ റോക്കറ്റ് ലോഞ്ചറായ ‘പിനാക’ മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ വാങ്ങുന്നതിനായി താല്പര്യം പ്രകടിപ്പിച്ച് ഫ്രാൻസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശന വേളയിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന ചർച്ചകളിൽ ആണ് പിനാക റോക്കറ്റ് ലോഞ്ചർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസ് താല്പര്യമറിയിച്ചിട്ടുള്ളത്. ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ഈ തീരുമാനം എന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പിനാക റോക്കറ്റ് ലോഞ്ചർ സൂക്ഷ്മമായി പരിശോധിക്കാൻ പ്രധാനമന്ത്രി മോദി ഫ്രഞ്ച് സൈന്യത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.
ഭഗവാൻ ശിവന്റെ ദിവ്യ വില്ലായ ‘പിനാക’ത്തിന്റെ പേരിലാണ് പിനാക റോക്കറ്റ് സിസ്റ്റം അറിയപ്പെടുന്നത്. ഈ വർഷം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ ഫ്രാൻസിൽ ഉന്നതതല സന്ദർശനം നടത്തിയപ്പോൾ, പിനാക റോക്കറ്റ് സിസ്റ്റം ഇന്ത്യയിൽ നിന്നും വാങ്ങുന്നതിൽ ഫ്രാൻസ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. M270 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ ഫ്രഞ്ച് പതിപ്പായ യൂണിറ്ററി റോക്കറ്റ് ലോഞ്ചറുകൾക്ക് (LRU) പകരമായി ഉപയോഗിക്കാൻ കഴിയുന്നവയാണ് ഇന്ത്യയുടെ തദ്ദേശീയ നിർമ്മിത പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ എന്നാണ് ഫ്രാൻസിന്റെ അഭിപ്രായം. ഉക്രെയ്‌നിന് നാലെണ്ണം സംഭാവന ചെയ്തതോടെ നിലവിൽ ഫ്രാൻസിന് ഒമ്പത് എൽആർയുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ . കൂടാതെ ഫ്രാൻസിന്റെ നിലവിലെ റോക്കറ്റ് സിസ്റ്റത്തിനെക്കാൾ ദൂരപരിധി കൂടുതലുള്ളവയാണ് ഇന്ത്യയുടെ പിനാക റോക്കറ്റ് സിസ്റ്റം. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നും പിനാക റോക്കറ്റ് സിസ്റ്റം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നുണ്ട്.
അമേരിക്ക കഴിഞ്ഞാൽ ഇന്ത്യൻ പ്രതിരോധ ഉപകരണങ്ങൾ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഫ്രാൻസ്. തദ്ദേശീയ പ്രതിരോധ സംവിധാനങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ കൂടി ഇന്ത്യ ലക്ഷ്യമിടുന്നതിനാൽ പിനാക റോക്കറ്റ് ലോഞ്ചർ ഫ്രാൻസിന് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അതിവേഗം പുരോഗമിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ അർമേനിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യ പിനാക റോക്കറ്റ് സിസ്റ്റം കയറ്റുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് പിനാക എംബിആർഎൽ വികസിപ്പിച്ചെടുത്തത്. സോളാർ ഇൻഡസ്ട്രീസ്, ലാർസൻ & ട്യൂബ്രോ (എൽ ആൻഡ് ടി), ടാറ്റ, ഓർഡനൻസ് ഫാക്ടറി ബോർഡ് (ഒഎഫ്‌ബിഒ) എന്നീ കമ്പനികൾ സംയുക്തമായാണ് ഇത് നിർമ്മിക്കുന്നത്.
1999-ലെ കാർഗിൽ യുദ്ധത്തിൽ, ഇന്ത്യൻ സൈന്യം പിനാക മാർക്ക്-1 പതിപ്പ് ഉപയോഗിച്ചിരുന്നു. പർവത ഔട്ട്‌പോസ്റ്റുകളിൽ വിന്യസിച്ചിരുന്ന പാകിസ്താൻ പോസ്റ്റുകളെ കൃത്യതയോടെ ലക്ഷ്യമിടുന്നതിൽ പിനാക മാർക്ക്-1 വിജയിച്ചു. യുദ്ധത്തിൽ ശത്രുരാജ്യം പിൻവാങ്ങാൻ നിർബന്ധിക്കപ്പെട്ടതിൽ ഒരു പ്രധാന പങ്കു വഹിച്ചതും ഇന്ത്യയുടെ ഈ തദ്ദേശീയ റോക്കറ്റ് സിസ്റ്റം ആയിരുന്നു. പിനാക മാർക്ക്-1ന് ഏകദേശം 40 കിലോമീറ്റർ ദൂരപരിധി ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിനാകയുടെ ഏറ്റവും പുതിയ പതിപ്പ് ആയ പിനാക മാർക്ക്-2 ന് 75 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയാണ് ഉള്ളത്. ഫ്രാൻസിന്റെ എൽആർയു റോക്കറ്റ് സിസ്റ്റം പോലും നിലവിൽ 70 കിലോമീറ്റർ ദൂരപരിധി മാത്രമാണ് നൽകുന്നത്. പിനാക മാർക്ക്-2 കൂടാതെ 120 കിലോമീറ്റർ, 300 കിലോമീറ്റർ എന്നിങ്ങനെ ദൂരപരിധിയുള്ള പിനാകയുടെ രണ്ട് പുതിയ പതിപ്പുകൾ കൂടി വികസിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഈ പുതിയ രണ്ടു പതിപ്പുകൾക്കും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ അംഗീകാരം നൽകിയിട്ടുണ്ട്.
Discussion about this post