വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ. ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിനും റഷ്യന്‍ നിര്‍മിത എസ്-400 പ്രതിരോധ സംവിധാനത്തിനും പുറമെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ് സിസ്റ്റവും തദ്ദേശീയമായി വികസിപ്പിച്ചിരുന്നു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് അനുബന്ധമായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ള പുതിയ വ്യോമപ്രതിരോധ സംവിധാനമാണ് ഡി.ആര്‍.ഡി.ഒ. നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്രയേലിന്റെ അയണ്‍ഡോമിനെ വരെ സാങ്കേതികതയില്‍ മറികടക്കുന്ന പുതിയ സംവിധാനമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ‘പ്രോജക്ട് കുശ’ എന്നപേരിലാണ് പുതിയ വ്യോമപ്രതിരോധ സംവിധാനം ഒരുങ്ങുന്നത്. മൂന്ന് തരത്തിലുള്ള ഇന്റര്‍സെപ്റ്റര്‍ എസ്.എ.എം (സര്‍ഫസ് ടു എയര്‍ മിസൈല്‍) ആണ് ‘കുശ’യില്‍ ഉപയോഗിക്കുക. 150 കിലോ മീറ്റര്‍, 250 കിലോ മീറ്റര്‍, 350 കിലോ മീറ്റര്‍ എന്നിങ്ങനെയാകും ഇവയുടെ പ്രഹരശേഷി. മറ്റ് രാജ്യങ്ങളുടെ പക്കലുള്ള ദീര്‍ഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ( എക്സ്റ്റന്‍ഡഡ് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം)ക്കുള്ള ഇന്ത്യന്‍ ബദലാണ് ‘കുശ’.
350 കിലോ മീറ്റര്‍ ദൂരെനിന്നുള്ള ലക്ഷ്യങ്ങളെ വരെ തിരിച്ചറിയുന്നതിനുള്ള കരുത്തുള്ള റഡാര്‍ ഇതിനായി വികസിപ്പിക്കുന്നുണ്ട്. ്. ‘കുശ’ പിറക്കാന്‍ പോവുകയാണെന്നാണ് വിവരങ്ങള്‍. 2022-ലാണ് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി പ്രോജക്ട് ‘കുശ’യുടെ വികസനത്തിന് അനുമതി നല്‍കിയത്. 2023 സെപ്റ്റംബറില്‍ ‘കുശ’യുടെ അഞ്ച് സ്‌ക്വാഡ്രണുകള്‍ വാങ്ങാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. ഏതാണ്ട് 21,700 കോടി രൂപയാണ് ഇതിന് വേണ്ടിവരിക. നിലവില്‍ എയ്റോ ഇന്ത്യ പ്രതിരോധ പ്രദര്‍ശനത്തില്‍ ‘കുശ’യുടെ മാതൃക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2025-ല്‍ ഇതിന്റെ ആദ്യ പ്രോട്ടോടൈപ്പ് പരീക്ഷണം തുടങ്ങും.
ശത്രുക്കളുടെ ക്രൂസ് മിസൈലുകള്‍, സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍, ആളില്ലാ യുദ്ധവിമാനങ്ങള്‍ എന്നിവയെ 250 കിലോ മീറ്റര്‍ ദൂരെനിന്നുതന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ ‘കുശ’യ്ക്ക് സാധിക്കും. മാത്രമല്ല, വ്യോമാക്രമണങ്ങളെ മുന്‍കൂട്ടികണ്ട് പ്രതിരോധിക്കാന്‍ മുന്നറിയിപ്പ് നല്‍കുന്ന എയര്‍ബോണ്‍ ഏര്‍ലി വാണിങ് സംവിധാനമുള്‍പ്പെടുന്ന വിമാനങ്ങളെ 350 കിലോ മീറ്റര്‍ ദൂരെനിന്ന് തന്നെ തിരിച്ചറിയാന്‍ ‘കുശ’യ്ക്ക് സാധിക്കും.
. വ്യോമാക്രമണങ്ങളില്‍ നിന്ന് 80 ശതമാനത്തിന് മുകളില്‍ പ്രതിരോധം ഉറപ്പ് വരുത്താന്‍ സാധിക്കും. ഒരു ലക്ഷ്യത്തിനെ ഒറ്റ മിസൈല്‍ കൊണ്ട് തന്നെ ഇത്തരത്തില്‍ പ്രതിരോധിക്കാനാകും. ഒരേസമയം രണ്ട് മിസൈലുകള്‍ ഉപയോഗിച്ചാണെങ്കില്‍ വിജയസാധ്യത 90 ശതമാനത്തിന് മുകളിലേക്ക് ഉയരും. ‘കുശ’യുടെ നാവിക പതിപ്പും വികസനത്തിന്റെ പാതയിലാണ്.
Discussion about this post