ഹൈദരാബാദില്‍ യുവതിയെ ഒരു സംഘം യുവാക്കള്‍ കൂട്ട ബലാല്‍സംഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വീഡിയോയിലെ പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടി സന്നദ്ധ സംഘടന പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പുറത്ത് വിട്ടത്.
ബലാല്‍സംഗ ഇരകള്‍ക്കു വേണ്ടിയും സ്ത്രീ പീഡനങ്ങള്‍ക്ക് എതിരെയും പ്രവര്‍ത്തിക്കുന്ന മലയാളിയായ സുനിതാ കൃഷ്ണന്റെ നേതൃത്വതിലുള്ള പ്രജ്വല സന്നദ്ധ സംഘടനയാണ് വീഡിയോ പുറത്തുവിട്ടത്. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ രണ്ട് ഭാഗങ്ങളാക്കി വാട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിടുകയായിരുന്നു. പ്രതികളുടെ ചിരിക്കുന്ന മുഖങ്ങള്‍ വ്യക്തമാക്കിയും ഇരയുടെ മുഖവും ശരീര ഭാഗങ്ങളും അവ്യക്തമാക്കിയുമാണ് ഇവ പുറത്തു വിട്ടത്.
അതിനിടെ, വീഡിയോ പുറത്തുവിട്ട് മണിക്കൂറിനകം സുനിതയുടെ കാറിനു നേരെ ആക്രമണം നടന്നു. ആക്രമണത്തില്‍ തകര്‍ന്ന കാറിന്റെ ചിത്രങ്ങള്‍ സുനിത ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആറു മാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇത്. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികളെ കണ്ടത്തുന്നതിനുള്ള സോഷ്യല്‍ മീഡിയാ കാമ്പെയിനിന്റെ ഭാഗമായി വീഡിയോ പുറത്തുവിട്ടതെന്ന് സുനിതാ കൃഷ്ണന് അറിയിച്ചു.
മാനഭംഗത്തിന്റെ വീഡിയോ ആസ്വദിക്കുന്നവരുടെ നടപടി വേദനിപ്പിച്ചുവെന്ന് സുനിതാ കൃഷ്ണന് പറഞ്ഞു. ആറുമാസം മുന്‍പ് ഇറങ്ങിയതാണ് ഈ വീഡിയോ. എന്നാല്‍, ഇതുവരെ ആരും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്തരം വീഡിയോ ആസ്വദിക്കുന്നവര്‍ സ്ത്രീകളുടെ നാശമാണ് ആസ്വദിക്കുന്നതെന്നും സുനിത പറഞ്ഞു.
Discussion about this post