പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര് കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളവരില്‍ ഒരാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരനാണ്. സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടും പ്രതികളെ പിടിക്കാന്‍ വൈകുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് രണ്ടുപേര്‍ പിടിയിലായിരിക്കുന്നത്.
അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. സുബൈര്‍ വധക്കേസില്‍ നാലുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേ സമയം ജില്ലയിലെ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ന് സര്‍വകക്ഷിയോഗം ചേർന്നു.
ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. ഇരുചക്ര വാഹനങ്ങളിലെ യാത്രയ്ക്കും നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും, ക്രമസമാധാന നില തടസപ്പടാനും സാധ്യതയുള്ളതിനാലാണ് നടപടി. അഡീഷ്ണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠനാണ് ഇത് സംബന്ധിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തിയത്. ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post