ബീജിങ്: ചൈനീസ് ബിസനസുകാരെ ലക്ഷ്യമിട്ട് കാബൂളിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം സ്ഫോടനം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായുളള ബന്ധം ചൈന പുന:പരിശോധിച്ചേക്കും. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്.
ഡിസംബർ 12 നുണ്ടായ സ്ഫോടനത്തിൽ അഞ്ച് ചൈനീസ് പൗരൻമാർക്ക് പരിക്കേറ്റതായി വിദേശകാര്യമന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞു. സ്ഫോടനം ബീജിങിനെ ഞെട്ടിച്ചുവെന്നും വാങ് വെൻബിൻ തുറന്നടിച്ചു.
സ്ഫോടനത്തിന് പിന്നാലെ അഫ്ഗാനിലെ ചൈനീസ് പൗരൻമാരോട് എത്രയും വേഗം അവിടം വിട്ടുപോകാൻ ചൈന ഉപദേശിച്ചിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യുഎസ്, നാറ്റോ സേനകൾ അഫ്ഗാനിൽ നിന്ന് പിൻമാറുകയും താലിബാൻ ഭരണം പിടിക്കുകയും ചെയ്തതിന് പിന്നാലെ അഫ്ഗാന് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയ ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ചൈന. അഫ്ഗാനിൽ ക്രിയാത്മകമായ കാര്യങ്ങൾ നിർവ്വഹിക്കുമെന്ന് ആയിരുന്നു അന്ന് ചൈനയുടെ പ്രതികരണം. ഇന്ത്യയുടെ നീക്കങ്ങൾക്ക് തടയിടാൻ കൂടിയാണ് ചൈന അന്ന് അഫ്ഗാനുമായി സൗഹൃദം സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്.
കാബൂളിലെ ചൈനീസ് എംബസിക്ക് കൂടുതൽ സുരക്ഷ ഒരുക്കണമെന്ന് അഫ്ഗാനിലെ ചൈനീസ് അംബാസഡർ വാങ് യൂ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെക്കണ്ട് ആവശ്യപ്പെട്ടതിന് അടുത്ത ദിവസമാണ് ചൈനീസ് പൗരൻമാരെ ലക്ഷ്യമിട്ട് സ്ഫോടനം ഉണ്ടായത്.
Discussion about this post