ബ്യൂണസ് അയേഴ്സ്; ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പെയെ വംശീയമായി അധിക്ഷേപിച്ച് വീണ്ടും അർജന്റീൻ ഫുട്ബോൾ താരം എമിലിയാനോ മാർട്ടിനെസ്. . വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന വിക്ടറി പരേഡിൽ എംബാപ്പെയുടെ മുഖമുളള ബേബി ഡോൾ കൈയ്യിലേന്തിയാണ് എമിലിയാനോ മാർട്ടിനെസ് വംശവെറി പ്രകടിപ്പിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇതിനെതിരെ രൂക്ഷ വിമർശനം ഉയർന്നുകഴിഞ്ഞു.
ഖത്തർ ലോകകപ്പിലെ കലാശക്കളിയിൽ ഫ്രാൻസിനെ തോൽപിച്ചാണ് അർജന്റീന കപ്പുയർത്തിയത്. എംബാപ്പെ മൂന്ന് ഗോളുകൾ നേടി അർജന്റീനയെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. ഒടുവിൽ ഷൂട്ടൗട്ടിലൂടെയാണ് വിജയം അർജന്റീന പിടിച്ചെടുത്തത്. എട്ട് ഗോളുകളുമായി ലോകകപ്പിലെ ടോപ്പ് സ്കോറർ ആയിരുന്നു എംബാപ്പെ.
നേരത്തെ ഡ്രസിംഗ് റൂം ആഘോഷങ്ങൾക്കിടയിലും മാർട്ടിനെസ് എംബാപ്പെയെ അപമാനിച്ചിരുന്നു. കപ്പ് നേടിയ ആഘോഷത്തിൽ ഡ്രസിംഗ് റൂമിൽ സഹതാരങ്ങൾക്കൊപ്പം നൃത്തം ചെയ്യവേ ഒരു മിനിറ്റ് മൗനമാചരിക്കാൻ മാർട്ടിനെസ് നിർദ്ദേശിച്ചു. ഇതിന് ശേഷം എംബേപ്പെയ്ക്ക് വേണ്ടിയാണിതെന്നും അദ്ദേഹം മരിച്ചുപോയെന്നും എമിലിയാനോ മാർട്ടിനെസ് പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇതിന്റെ വിമർശനം കെട്ടടങ്ങും മുൻപാണ് വീണ്ടും അതിരുവിട്ട ആഘോഷവുമായി അർജന്റീനിയൻ താരങ്ങൾ വിവാദത്തിലാകുന്നത്.
പിഎസ്ജിയിൽ എംബാപ്പെയുടെ സഹതാരവും അർജന്റീനയുടെ നായകനുമായ ലയണൽ മെസിയുടെ സമീപം നിന്നാണ് എമിലിയാനോ മാർട്ടിനെസ് ബേബി ഡോൾ ഉയർത്തിപ്പിടിക്കുന്നത്. ലോകകപ്പിൽ മികച്ച ഗോൾ കീപ്പർക്കുളള ഗോൾഡൻ ഗ്ലൗ ഏറ്റുവാങ്ങിയ വേദിയിൽ എമി മാർട്ടിനെസ് അശ്ലീല ആംഗ്യം കാണിച്ചതും വിവാദമായിരുന്നു.
ലോകകപ്പിന് മുൻപ് തന്നെ എംബാപ്പെയും എമിലിയാനോ മാർട്ടിനെസും കൊമ്പ് കോർത്തിരുന്നു. ലോകകപ്പിൽ യൂറോപ്യൻ ടീമിന് മുൻതൂക്കം ലഭിക്കുമെന്നും നാഷണൽ ലീഗ് പോലെ ഉന്നത നിലവാരത്തിലുളള ടൂർണമെന്റുകളിൽ പങ്കെടുക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും എംബാപ്പെ പറഞ്ഞിരുന്നു. ബ്രസീൽ, അർജന്റീന പോലുളള ടീമുകൾക്ക് അത്തരം അനുഭവ സമ്പത്തില്ലെന്നും എംബാപ്പെ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ തനിക്ക് ഫുട്ബോളിനെക്കുറിച്ച് അധികം അറിയില്ലെന്നും സൗത്ത് അമേരിക്കയിൽ താൻ ഫുട്ബോൾ കളിച്ചിട്ടില്ലെന്നുമായിരുന്നു എമിലിയാനോ മാർട്ടിനെസിന്റെ പ്രതികരണം. ഇതിന് ശേഷമാണ് ഡ്രസിംഗ് റൂമിലും വിക്ടറി പരേഡിലും ഫ്രഞ്ച് താരത്തെ മാർട്ടിനെസ് അപമാനിച്ചത്.
Discussion about this post