ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ . സായുധ സേനയ്ക്കായി 120 പ്രളയ് സ്ട്രാറ്റജിക് ബാലിസ്റ്റിക് മിസൈലുകൾ വാങ്ങാനുള്ള പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ഈ മിസൈലുകൾ ചൈന അതിർത്തിയിൽ വിന്യസിക്കും.
തന്ത്രപ്രധാനമായ പ്രവർത്തനങ്ങളിൽ ഇതാദ്യമായാണ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കുന്നത്. ഈ മിസൈലുകൾക്ക് 150 മുതൽ 500 കിലോമീറ്റർ വരെയുള്ള ശത്രു ലക്ഷ്യങ്ങളെ തകർക്കാൻ കഴിയും. മിസൈലുകൾ ഉടൻ സജ്ജമാക്കുമെന്നും സമീപഭാവിയിൽ പ്രവർത്തനക്ഷമമാക്കുമെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിഭാവനം പോലെ തന്ത്രപ്രധാനമായ ഈ മിസൈൽ സായുധ സേനയ്ക്ക് വലിയ ഉത്തേജനമാകും. പുതിയ സാങ്കേതിക വിദ്യകളാണ് മിസൈലിൽ സജ്ജീകരിച്ചിരിക്കുന്നത്. ബിപിൻ റാവത്ത് അതിർത്തിയിലെ ശത്രുക്കളെ നേരിടാൻ ഒരു റോക്കറ്റ് ഫോഴ്സ് നിർമ്മിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അടുത്തിടെ നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ പറഞ്ഞിരുന്നു.
ഇന്റർസെപ്റ്റർ മിസൈലുകളെ പരാജയപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് അത്യാധുനിക പ്രളയ് മിസൈൽ വികസിപ്പിച്ചിരിക്കുന്നത്. വായുവിൽ ഒരു നിശ്ചിത ദൂരം സഞ്ചരിച്ചതിനുശേഷം അതിന് ഗതി മാറ്റാനുള്ള കഴിവുണ്ട്. മിസൈലിന്റെ വേഗത മണിക്കൂറിൽ 2000 കിലോമീറ്ററാണ്
Discussion about this post