ജന്മനൽകിയ ഭാരതാംബയുടെ മണ്ണിലേക്ക് ശത്രുവിന്റെ നിഴൽപോലും പതിക്കാതെ കാവലിരിക്കുകയെന്നത് ഏതൊരു ഇന്ത്യൻ സൈനികന്റെയും ജീവിതമന്ത്രമാണ്. ചോരകണ്ട് അറപ്പ് മാറാത്തവനെ പോലെ പോരാടേണ്ടി വരും..മരവിപ്പിക്കുന്ന കാഴ്ചകളിലും കൺപോള ഒരുമിനിമിഷം അടയ്ക്കാതെ മുന്നോട്ട് കുതിക്കേണ്ടി വരും. അമ്മയുടെ മാനം കാക്കാൻ നിയോഗിക്കപ്പെട്ട മക്കളുടെ ധർമ്മങ്ങളാണവ. അങ്ങനെ ഇന്ത്യ എന്നും അഭിമാനത്തോടെ ഓർക്കുന്ന പൊന്നോമന മകനാണ് ജസ്വന്ത് സിങ് റാവത്ത്. മൂന്ന് രാവും പകലും ചൈനീസ് പടയുടെ കടന്നുകയറ്റത്തെ ഒറ്റയ്ക്ക് തടഞ്ഞ പോരാട്ടവീര്യം. ഇന്ത്യ മരണാനന്തര ബഹുമതിയായ മഹാവീരചക്ര നൽകി ആദരിച്ച മഹാവീരൻ.
1962 ഇന്ത്യ-ചൈന യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ഇന്ത്യൻ സൈനികർ രാവും പകലും ഭേദമന്യേ യുദ്ധമുഖത്ത് പോരാട്ടത്തിലാണ്. അതിനിടെ നിരവധി സൈനികർ വീരമൃത്യുവരിക്കുന്നു. അതിർത്തിയിലെ പോരാട്ട വാർത്തകളറിഞ്ഞ് കണ്ണീർവാർക്കുന്ന ഇന്ത്യക്കാർ. ഈ സമയം തവാങ് പിടിച്ചടക്കി അവിടുത്തെ ബുദ്ധവിഹാരത്തിലെ ബുദ്ധവിഗ്രഹത്തിന്റെ കയ്യും ഛേദിച്ച് ഷേലാ പാസ് പിടിച്ചെടുത്ത് മുന്നേറാൻ ശ്രമിക്കുകയായിരുന്നു ചൈനീസ് സൈന്യം. എന്നാൽ പതിനായിരത്തിലധികം ഉയരത്തിൽ ചൈനീസ് സംഘത്തിനെ തടയാൻ റൈറിൾമാൻ ജസ്വന്ത് സിംഗ് റാവത്തുണ്ടായിുരുന്നു. ഗർവാൾ റൈഫിൾസ് റെജിമെന്റിന്റെ നാലാം ഗർവാൾ റൈഫിൾസിന്റെ ചുണക്കുട്ടി.
നാലാം ഗഡ്വാൾ റൈഫിൾസിനായിരുന്നു നൂറനാങ് പോസ്റ്റിന്റെ ചുമതല. ആദ്യത്തെ മൂന്ന് ആക്രമണങ്ങളും വിജയകരമായി തടയാനായെങ്കിലും ഇന്ത്യൻ ബങ്കറിന്റെ നാല്പത് മീറ്റർ മാത്രം അകലെ ചൈനക്കാർ സ്ഥാപിച്ച മീഡിയം മെഷീൻ ഗൺ ഭീഷണിയായി. എന്നാൽ ഈ കനത്ത വെടിവയ്പ്പിലീടെ നിലത്തിഴഞ്ഞു ചെന്ന് നേരിട്ടാക്രമിച്ച് ആ മെഷീൻ ഗൺ ജസ്വന്തും ലാൻസ് നായിക് ത്രിലോക് സിംഗ് നേഗിയും റൈഫിൾമാൻ ഗോപാൽ സിംഗ് ഗുസൈനും ചേർന്ന് മെഷീൻ ഗണ്ണ് സ്വന്തമാക്കി. വെടിയേറ്റിട്ടും അത് വലിച്ച് സ്വന്തം ട്രഞ്ചിലെത്തിച്ചു. കൂട്ടുകാർ വീണു, ജസ്വന്തിന് ഗുരുതരപരിക്ക്. എന്നാൽ തോൽക്കാൻ തയ്യാറല്ലാതിരുന്ന ജസ്വന്ത് പോരാട്ടം തുടരാൻ ഉറച്ചു. റിട്രീവ് അഥവാ പിന്മാറൂ എന്ന ഓർഡർ അനുസരിക്കാതെ പോരാടാൻ തീരുമാനിച്ച ജസ്വന്തിനൊപ്പം ഷേലാ,നൂറാ എന്നീ രണ്ട് പെൺകുട്ടികൾ കൂടെ എത്തി. പോസ്റ്റിലേക്ക് തലച്ചുമടായി സാധനങ്ങളെത്തിച്ചിരുന്ന നാട്ടുകാരികളായിരുന്നു അവർ. ഇവരുടെ കരുത്തുകൂടെ ആയപ്പോൾ ജ്‌സ്വന്ത് വകവരുത്തിയത് മുന്നൂറോളം സൈനികരെ.
ഇതിനിടെ ഇടിത്തീപോലെ പോസ്റ്റിലേക്ക് ആഹാരവും മറ്റും എത്തിച്ച് നൽകിയിരുന്ന യുവാവിനെ ചൈന പിടികൂടി. ക്രൂരമർദ്ദനത്തിനൊടുവിൽ ബങ്കറുകളിൽ നിന്ന് ആക്രമിക്കുന്നത് ഒരൊറ്റ ഇന്ത്യൻ സൈനികനാണെന്ന് യുവാവ് വെളിപ്പെടുത്തി. ഇത് കേട്ട് അപമാനഭാരത്താൽ തകർന്ന ചൈനീസ് പട്ടാളം ജസ്വന്തിന് നേരെ പാഞ്ഞെടുത്തു. ഗ്നേഡ് ആക്രമണത്തിൽ സേല കൊല്ലപ്പെടുകയും നൂറയെ ചൈനീസ് പട്ടാളം പിടികൂടുകയും ചെയ്തു.
ചൈനീസ് മുന്നേറ്റം മനസിലാക്കിയ ജസ്വന്ത് കീഴടങ്ങുന്നതിന് മുൻപ് തന്റെ അവസാന ബുള്ളറ്റ് ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് വീരമൃത്യു വരിച്ചു. അന്ന് അദ്ദേഹത്തിന് വയസ് 21. പകതീരാത്ത ചൈനീസ് സൈനികർ ജസ്വന്തിന്റെ ശിരസറുത്ത് ചൈനയിലേയ്ക്ക് കൊണ്ടുപോയി. ജസ്വന്ത് സിങ്ങിന്റെ മുറിയും ട്രങ്ക് പെട്ടിയും ഒക്കെ അതേപോലെ സംരക്ഷിച്ചിട്ടുണ്ട് സ്മാരകമായി. തവാംഗിന് 25 കിലോമീറ്റർ അകലെയായാണ് ജസ്വന്ത് ഗർ എന്ന് പേരിട്ടിരിക്കുന്ന സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്നത്.
അദ്ദേഹം ഇപ്പോഴും സർവീസിൽ ഉള്ളതായാണ് ഇന്ത്യൻ ആർമി കണക്കാക്കുന്നത്. പ്രമോഷനും ലീവും ഒക്കെ കൊടുക്കാറുണ്ട്. രാവിലെ ബൂട്‌സും യൂണിഫോമും തയ്യാറാക്കി വയ്ക്കും. വൃത്തിയായി വിരിച്ച കിടക്കയിൽ അദ്ദേഹത്തിനായി വന്ന എഴുത്തുകൾ വയ്ക്കും.പ്രതിരോധ മന്ത്രാലയം അദ്ദേഹത്തിന് മരണാനന്തരം സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. അദ്ദേഹം മരിച്ച് 60 വർഷത്തിലധികം കഴിഞ്ഞിട്ടും ആദരസൂചകമായി സർക്കാർ പെൻഷൻ നൽകി വരികയും ചെയ്യുന്നു. 1962ലേത് പോലെ അദ്ദേഹം ഇപ്പോഴും തന്റെ പോസ്റ്റിന് സംരക്ഷണം നൽകുന്നുണ്ടെന്നാണ് വിശ്വാസം.
ജസ്വന്ത് സിംഗ് റാവത്ത് 1941 ഓഗസ്റ്റ് 19 ന്, ഇന്ന് ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള ബറ്യൂൺ എന്ന ഗ്രാമത്തിൽ ഗുമാൻ സിംഗ് റാവത്തിന്റെ മകനായി ജനിച്ചു. 1960 ഓഗസ്റ്റ് 19ന് 19ാം വയസിലാണ് ജസ്വന്ത് ഇന്ത്യൻ സൈന്യത്തിൽ ചേർന്നത്.
Discussion about this post