ന്യൂഡൽഹി: രാജ്യം തദ്ദേശീയമായി നിർമ്മിച്ച പുതിയ അന്തർവാഹിനി, ഐഎൻഎസ് വാഗ്ഷീർ നാവിക സേനയ്ക്ക് കൈമാറി. പരീക്ഷണങ്ങൾ പൂർത്തിയായതിന് പിന്നാലെയാണ് അന്തർവാഹിനി നിർമ്മാണ കമ്പനി സേനയ്ക്ക് നൽകിയത്. പുതിയ അന്തർവാഹിനി ഉടൻ കമ്മീഷൻ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
സ്‌കോർപീൻ ക്ലാസ് വിഭാഗത്തിൽപ്പെടുന്ന ആറാമത്തെ അന്തർവാഹിനിയാണ് ഐഎൻഎസ് വാഗ്ഷീർ. കഴിഞ്ഞ വർഷം ഫെബ്രുവരിയോടെ നിർമ്മാണം പൂർത്തിയായ അന്തർവാഹിനിയുടെ പരീക്ഷണം മെയ് മുതൽ നടന്നുവരികയായിരുന്നു. ഇതെല്ലാം പൂർണമായി വിജയിച്ചതിന് പിന്നാലെയാണ് അന്തർവാഹിനി കൈമാറിയിരിക്കുന്നത്. രാജ്യത്തിന്റെ സ്വയം പര്യാപ്തതയ്ക്കായി ആവിഷ്‌കരിച്ച ആത്മനിർഭർ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ അന്തർവാഹിനി നിർമ്മിച്ചിരിക്കുന്നത്.
ദി ഹണ്ടർ-കില്ലർ സബ്മറൈൻ ( വേട്ടയാടി കൊല്ലുന്ന അന്തർവാഹിനി) എന്നാണ് ഐഎൻഎസ് വാഗ്ഷീറിന് നൽകിയിട്ടുള്ള വിശേഷണം. കരുത്താണ് ഈ അന്തർവാഹിനിയെ വിശേഷണത്തിന് അർഹമാക്കിയത്. വെള്ളത്തിനടിയിലും മുകളിലും വച്ച് ശത്രുക്കളെ ഫലപ്രദമായി നേരിടാൻ ഐഎൻഎസ് വാഗ്ഷീറിന് കഴിയും. നിരീക്ഷണം മുതൽ യുദ്ധംവരെയുള്ള ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ ഐഎൻഎസ് വാഗ്ഷീറിന് കരുത്തുണ്ട്. അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി നിർമ്മിച്ച ഈ അന്തർവാഹിനി നാവിക സേനയ്ക്ക് വലിയ മുതൽകൂട്ടാണ്.
Discussion about this post