കൊച്ചി: താരസംഘടനയായ അമ്മ ജിഎസ്ടി ഇനത്തിൽ അടയ്ക്കാനുളളത് 4 കോടി 36 ലക്ഷം രൂപയെന്ന് ജിഎസ്ടി ഇൻറലിജൻസ് വിഭാഗം. പണം അടയ്ക്കണമെന്ന് കാട്ടി കഴിഞ്ഞ നവംബറിൽ നോട്ടീസ് നൽകിയിട്ടും ഇതുവരെ സംഘടന പണം അടച്ചിട്ടില്ലെന്നാണ് വിവരം. ഇതേ തുടർന്ന് താരസംഘടനയ്ക്ക് കാണിക്കൽ നോട്ടീസ് നൽകാനാണ് ജിഎസ്ടി വകുപ്പിന്റെ നീക്കം.
നവംബർ 15ന് നോട്ടീസ് നൽകിയിട്ടും ഇതുവരെ തുക അടയ്ക്കാത്ത സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത്. നോട്ടീസ് നൽകി 30 ദിവസത്തിനകം പണം അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികളിലേക്ക് കടക്കാനാണ് ജിഎസ്ടി വകുപ്പിൻറെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
ജിഎസ്ടി നിലവിൽ വന്ന 2017 മുതൽ ഇക്കഴിഞ്ഞ സെപ്തംബർ വരെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കുകയോ ചരക്ക് സേവന നകുതി അടയ്ക്കുകയോ ചെയ്തിരുന്നില്ല. സംഘടനയുടെ പ്രവർത്തനം ചാരിറ്റബിൾ സൊസൈറ്റിയെന്ന നിലയിലാണെന്നായിരുന്നു അമ്മയുടെ വാദം. എന്നാൽ, ഇക്കാലയളവിൽ സ്റ്റേജ് ഷോകളിലൂടെയും ഡൊണേഷനുകളിലൂടെയും അമ്മയ്ക്ക് 15 കോടിയിലേറെ രൂപയുടെ വരുമാനം ഉണ്ടായതായി ജിഎസ്ടി ഇൻറലിജൻസ് വിഭാഗം കണ്ടെത്തി.
വിദേശരാജ്യങ്ങളിലുൾപ്പെടെ നടത്തിയ താര നിശകളിലൂടെയും ഡൊണേഷൻ, അംഗത്വ ഫീസ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയും ലഭിച്ച വരുമാനത്തിൻറെ കണക്കുകൾ കോഴിക്കോട്ടെ ജിഎസ്ടി ഇൻറലിജൻസ് വിഭാഗം ശേഖരിച്ചിരുന്നു.
തുടർന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ കഴിഞ്ഞ സെപ്തംബറിൽ വിളിച്ചുവരുത്തി. സംഘടന സാമ്പത്തിക ഇടപാടുകൾ ജിഎസ്ടിയുടെ പരിധിയിൽ വരുന്നതാണെന്നും 2017 മുതലുളള നികുതിയും കുടിശികയും അടയ്ക്കണമെന്നും കാണിച്ച് നോട്ടീസും നൽകി. തുടർന്ന് ജിഎസ്ടി രജിസ്ട്രേഷൻ എടുത്ത അമ്മ 45 ലക്ഷം രൂപ ജിഎസ്ടി അടച്ചു. ബാക്കി 4 കോടി 36 ലക്ഷം രൂപയാണ് ഇനി അടയ്ക്കാനുളളത്.
Discussion about this post