ന്യൂഡൽഹി: ഇന്ത്യൻ നാവികസേനാ ചരിത്രത്തിൽ നിർണായക നാഴികക്കല്ലായി, തദ്ദേശനിർമ്മിത യുദ്ധക്കപ്പൽ ഐ എൻ എസ് വിക്രാന്തിൽ ഇന്ത്യൻ നിർമ്മിത തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു. തദ്ദേശ നിർമ്മിത പോർവിമാനം ലാൻഡ് ചെയ്തതിലൂടെ, നാവിക സാങ്കേതിക ചരിത്രത്തിൽ ഇന്ത്യയുടെ നാമം അനശ്വരമാകുകയാണെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു. പോർവിമാനം പടക്കപ്പലിൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരിക്കുകയാണെന്ന് നാവിക സേനാ വക്താവ് കമാൻഡർ വിവേക് മാധ്വാൾ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അഭിമാനമായ ഐ എൻ എസ് വിക്രാന്ത് കമ്മീഷൻ ചെയ്തത്. രൂപകൽപ്പനയിലും നിർമ്മിതിയിലും പ്രവർത്തനത്തിലും രാജ്യത്തിന്റെ അഭിമാനമാണ് വിക്രാന്ത് എന്ന് പ്രധാനമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പലിൽ ഇന്ത്യൻ നിർമ്മിത തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തതോടെ, പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത എന്ന പ്രധാനമത്രിയുടെ ആശയം അതിവേഗം സാക്ഷാത്കരിക്കപ്പെടുകയാണ്. തദ്ദേശീയമായി വിമാനവാഹിനികപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ആറ് ലോകരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഇന്ത്യയെ കൂടാതെ തദ്ദേശീയ നിർമ്മിത വിമാന വാഹിനി കപ്പലുകൾ ഉള്ളത്.
Discussion about this post