ന്യൂഡൽഹി: അതിർത്തി വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ചും ചൈനയെ വിമർശിച്ചും അമേരിക്കൻ സെനറ്റിൽ പ്രമേയം. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നാണ് ഈ ഉഭയകക്ഷി പ്രമേയത്തിൽ പറയുന്നത്. ഇന്ത്യയുടെ പരമാധികാരത്തേയും ഇന്ത്യയുടെ ഭൂപ്രദേശങ്ങളുടെ അധികാരത്തേയും പ്രമേയം പിന്തുണയ്ക്കുന്നു. എന്നാൽ സൈനിക ശക്തി ഉപയോഗിച്ച് യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാനും പ്രകോപനം ഉണ്ടാക്കാനുമാണ് ചൈനയുടെ നീക്കമെന്നും പ്രമേയം വിമർശിക്കുന്നു. സെനറ്റർമാരായ ജെഫ് മർക്കലി, ബിൽ ഹാഗെർട്ടി എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ ചൈന ഉയർത്തുന്ന അതിർത്തി വാദങ്ങൾക്ക് വലിയ തിരിച്ചടിയാണ് അമേരിക്കയുടെ ഈ നീക്കം.
അരുണാചൽ പ്രദേശിൽ ഇന്ത്യ നടത്തുന്ന വികസന പ്രവർത്തനങ്ങളും ഏറെ പ്രശംസനീയമാണ്. യഥാർത്ഥ നിയന്ത്രണ രേഖയിൽ മാറ്റം വരുത്താനും അവിടെ പ്രകോപം ഉണ്ടാക്കാനുമുള്ള ചൈനയുടെ നീക്കം അപലപനീയമാണ്. ചൈനയുടെ ഭാഗത്ത് നിന്ന് ഉയരുന്ന സുരക്ഷാ ഭീഷണികളും ആക്രമണങ്ങളും പ്രതിരോധിക്കാൻ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്നും പ്രമേയത്തിൽ പറയുന്നു. ഇന്ത്യയുടെ പ്രതിരോധ നവീകരണത്തേയും വൈവിധ്യവൽക്കരണത്തേയും പിന്തുണയ്ക്കുന്നതാണ് പ്രമേയം.
‘ഇന്ത്യൻ സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. അത് അങ്ങനെ തന്നെയാണ് അമേരിക്ക കാണുന്നത്. ആ പ്രദേശം ഒരിക്കലും ചൈനയുടെ ഭാഗമല്ല. സമാന ചിന്താഗതി പുലർത്തുന്ന കൂടുതൽ രാജ്യങ്ങൾ ഈ മേഖലയിലേക്ക് സഹായവും പിന്തുണയും നൽകണം. ഇന്തോ-പസഫിക് മേഖലയ്ക്ക് ചൈന ഒരു ഭീഷണിയാണ്. ഈ സമയം മേഖലയിലെ തന്ത്രപ്രധാന പങ്കാളിയായ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കേണ്ടത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറെ ആവശ്യമാണെന്നും ഹാഗെർട്ടി പറയുന്നു.
Discussion about this post